അല്‍ നസറിലെ പരിശീലനത്തിനിടെയാണ് മെസിയാണോ റോണോയാണോ മികച്ചതെന്ന് മനസിലായത്: വിന്‍സെന്റ് അബൂബക്കര്‍
Football
അല്‍ നസറിലെ പരിശീലനത്തിനിടെയാണ് മെസിയാണോ റോണോയാണോ മികച്ചതെന്ന് മനസിലായത്: വിന്‍സെന്റ് അബൂബക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th January 2023, 4:00 pm

അല്‍ നസറിലേക്ക് പുതുതായി സൈനിങ് നടത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് അല്‍ നസറിന്റെ കാമറൂണ്‍ താരമായ വിന്‍സെന്റ് അബൂബക്കര്‍.

റൊണാള്‍ഡോയെക്കാളും ലയണല്‍ മെസിയാണ് മികച്ചതെന്ന് എപ്പോഴും വിശ്വിസിച്ചിരുന്നെന്നും അല്‍ നസറിലെ പരിശീലന സെഷനില്‍ വെച്ച് അത് ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നെന്നും അബൂബക്കര്‍ പറഞ്ഞു.

‘ഞാനെപ്പോഴും ചിന്തിച്ചിരുന്നത് മെസിയാണ് റൊണാള്‍ഡോയെക്കാള്‍ മികച്ചതെന്നാണ്. അല്‍ നസറില്‍ റൊണാള്‍ഡോക്കൊപ്പം പരിശീലനം നടത്തിയപ്പോള്‍ എന്റെ ചിന്ത ശരിയായിരുന്നെന്ന് ബോധ്യപ്പെടുകയായിരുന്നു,’ വിന്‍സെന്റ് അബൂബക്കര്‍ വ്യക്തമാക്കി.

ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകളുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ സംഭവമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അറേബ്യന്‍ ലീഗ് പ്രവേശനം. താരത്തെ ഏകദേശം 225 മില്യണ്‍ യൂറോ മുടക്കിയായിരുന്നു അല്‍ നസര്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്തില്‍ ചേര്‍ത്തത്.

എന്നാല്‍ റൊണാള്‍ഡോയുടെ വരവോടെ കാമറൂണിന്റെ സൂപ്പര്‍ താരമായ വിന്‍സെന്റ് അബൂബക്കറിനെ വില്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അല്‍ നസര്‍. സൗദി പ്രോ ലീഗിന്റെ റൂള്‍ബുക്ക് പ്രകാരം ഒരു ടീമില്‍ എട്ട് വിദേശ താരങ്ങളെ മാത്രമെ ഉള്‍പ്പെടുത്താവൂ എന്നതിനാലാണ് വിന്‍സെന്റ് അബൂബക്കറിനെ വില്‍ക്കാനൊരുങ്ങുന്നത്.

ലോകകപ്പില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിന്‍സെന്റ് അബൂബക്കറിന്റെ മികവിലാണ് കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിച്ചത്.

നിലവില്‍ അല്‍ നസറിലും മികച്ച ഫോമില്‍ കളിക്കുന്ന താരത്തിനെ യൂറോപ്യന്‍ ക്ലബ്ബുകള്‍ സ്വാന്തമാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ല എന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. താരത്തിന് അല്‍ നസറില്‍ ഇനിയും ഒന്നര വര്‍ഷത്തോളം കോണ്‍ട്രാക്ടുണ്ട്.

എന്നാല്‍ വിന്‍സെന്റിനെ ക്ലബ്ബ് വിറ്റേക്കില്ലെന്നും ലോണ്‍ അടിസ്ഥാനത്തില്‍ മറ്റു ക്ലബ്ബുകള്‍ക്ക് നല്‍കുക മാത്രമേ ചെയ്യുകയുള്ളുവെന്നുമുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വിന്‍സെന്റ് നിലവില്‍ ഫ്രീ ഏജന്റ് ആണ്. അതിനാല്‍ തന്നെ എളുപ്പത്തില്‍ മറ്റു ക്ലബ്ബുകള്‍ക്ക് അദ്ദേഹത്തെ വാങ്ങാന്‍ സാധിക്കും.

Content Highlights: Vincent Aboubakar about Cristiano Ronaldo and Lionel Messi