ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാന്‍ സംവിധായകന്‍ വിനയന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ രഞ്ജിത്തിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയന്റെ പരാതി. തെളിവുകളുള്‍പ്പെടെ പരാതി കൈമാറും. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് വിനയന്റെ തീരുമാനം.
അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ആദ്യം രംഗത്തെത്തിയത്. അക്കാദമി ചെയര്‍മാന്‍ നിരന്തരമായി ഇടപെടല്‍ നടത്തുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്‌കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്ത്രിയുടെ പി.എസിനെ തന്നെ വിളിച്ചു പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് വിനയന്‍ പറഞ്ഞു.
ഈ ജൂറി അംഗത്തോട് പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും അവാര്‍ഡ് നിര്‍ണയം നടക്കുന്ന വേളയില്‍ രഞ്ജിത്ത് പറഞ്ഞെന്നും
സംഗീതത്തിനും ഡബ്ബിങ്ങിനുമായി മൂന്ന് അവാര്‍ഡ് ചിത്രത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അറിഞ്ഞപ്പോള്‍ രഞ്ജിത്ത് കലിപൂണ്ടുവെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കൃത്യമായ തെളിവുകള്‍ കയ്യില്‍ വച്ചുകൊണ്ടാണ് താനിതെഴുതുന്നതെന്നും വേണ്ടി വന്നാല്‍ അത് എല്ലാ മീഡിയക്കും കൊടുക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
പിന്നാലെ ജൂറി അംഗമായിരുന്ന നേമം പുഷ്പരാജിന്റെ ഓഡിയോ റെക്കോഡും വിനയന്‍ പോസ്റ്റ് ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്തിന് അര്‍ഹതയില്ലെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവിട്ട ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ രഞ്ജിത്ത് ഇതുവരെ തയാറായിട്ടില്ല.
Content Highlight: Vinayan to complain to Chief Minister against Ranjith