വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സണാണ് നായകനാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍.
‘ഞാനൊരു കുട്ടനാട്ടുകാരനാണ്. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയില്‍ ജീവിച്ചവനാണ്. എന്തു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും അതില്‍ തളര്‍ന്നുപോകില്ല, അതാണ് എന്റെ ഗുണമായി ഞാന്‍ കണക്കാക്കുന്നത്. എന്റെ സുഹൃത്തുക്കളില്‍ പലരും പറയാറുണ്ട്, നിന്റെ സ്ഥാനത്ത് ഞങ്ങളാണെങ്കില്‍ നാട് വിട്ട് പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമെന്ന്,’ വിനയന്‍ പറഞ്ഞു.
‘എന്റെ വ്യക്തിത്വം വിട്ട് ഞാനൊന്നും ചെയ്തില്ല. എന്റെ നിലപാടുകളാണ് എന്റെ സമ്പാദ്യം. അതിന്റെ വിലയാണ് എനിക്ക് സംഭവിച്ച നഷ്ടങ്ങള്‍. എന്നാല്‍ ഞാനത് കാര്യമാക്കുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുത്തത് എന്ന് ആര്‍ക്കും അറിയില്ല.
സെറ്റില്‍നിന്ന് ക്യാമറ കാണാതാകുക, ക്യാമറാമാനെ കാണാതാകുക. ഞാനുമായി സഹകരിക്കുന്ന ആര്‍ട്ടിസ്റ്റുകളെയും തിയേറ്റര്‍ ഉടമകളെയും ഫൈറ്റ് മാസ്റ്ററെയും മറ്റും ഭീഷണിപ്പെടുത്തി പിന്‍മാറ്റുക. പലരും പകുതിക്കുവെച്ച് പടം ഇട്ടുപോയിട്ടുണ്ട്. ചിരിയും സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഞാന്‍ സിനിമ എടുത്തത്.
വിമര്‍ശിക്കുന്നവരോട് വിരോധമില്ല. കാരണം വിനയനില്‍ നിന്ന് പ്രേക്ഷകര്‍ ഒരു ക്വാളിറ്റി പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാതാകുമ്പോള്‍ വിമര്‍ശിക്കപ്പെടും. അത് സ്വാഭാവികമാണ്. എന്നോടുള്ള പകയുടെ പേരില്‍ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടപ്പോള്‍ ഞാന്‍ അതിനെ ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുത്തു. അതാണ് നിയമപോരാട്ടത്തിന് പ്രചോദനമായത്.
പത്ത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു. അതില്‍ ഞാന്‍ വിജയിച്ചു. വിനയന്‍ ഇനി സിനിമ എടുക്കില്ല, എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. കാലത്തിന്റെ കാവ്യനീതിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Vinayan talks about the difficulties he faced during the shooting of the film pathonpatham noottand