|

അന്ന് തമിഴില്‍ പോയി വന്നതിന് ശേഷം മണി മാറി; അത്തരം കഥാപാത്രങ്ങള്‍ ചേരില്ലെന്ന് ഞാന്‍ പറഞ്ഞു: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് വിനയന്‍. മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയന്‍ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് നല്‍കി.

വിനയന്റെ കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ ഭാഗമായിട്ടുള്ള നടനാണ് കലാഭവന്‍ മണി. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മണിയെ കുറിച്ച് പറയുകയാണ് വിനയന്‍.

തമിഴ് സിനിമയില്‍ പോയി വന്നതിന് ശേഷം മണിയില്‍ വലിയ മാറ്റങ്ങള്‍ കണ്ടിരുന്നുവെന്നും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ചെയ്യുന്നതുപോലെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്ന നായകനാകാനുള്ള ഉത്സാഹമായിരുന്നു അദ്ദേഹത്തിനെന്നുമാണ് വിനയന്‍ പറയുന്നത്.

‘തമിഴില്‍ പോയി വന്നതിന് ശേഷം മണിയില്‍ വലിയ മാറ്റങ്ങള്‍ ഞാന്‍ കണ്ടു. മമ്മൂട്ടിയും ലാലും സുരേഷ് ഗോപിയുമൊക്കെ ചെയ്യുന്നതുപോലെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്ന നായകനാകാനുള്ള ഉത്സാഹമായിരുന്നു അവന്. അപ്പോഴും ഞാന്‍ വിളിച്ചു പറഞ്ഞു,

‘നിനക്ക് അത്തരം കഥാപാത്രങ്ങള്‍ ചേരില്ല. നല്ല നാടന്‍ വേഷങ്ങള്‍ ചെയ്താല്‍ നിന്നെ പിടിക്കാന്‍ ഒരാള്‍ക്കും പറ്റില്ല’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഓരോരുത്തര് കഥയുമായി വന്നപ്പോള്‍ ചെയ്തുപോയതാണെന്ന് എന്നോട് പറഞ്ഞെങ്കിലും പിന്നീട് മണി പോയത് ആ വഴിതന്നെയാണ്.

അതിനുശേഷം ഞങ്ങള്‍ തമ്മില്‍ വലിയ ബന്ധമൊന്നുമില്ലായിരുന്നു. ഇടയ്ക്ക് ഫോണ്‍ വിളിക്കും. അഭിനയം കുറച്ച് മണി ഗാനമേളകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ എവിടെയോ പന്തികേട് തോന്നി. വിളിച്ചാല്‍ ഫോണെടുക്കില്ല. എന്നാലും മണിയുടെ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നുണ്ടായിരുന്നു.

പടങ്ങളില്‍ അഭിനയിക്കാതിരുന്ന സമയത്തും മണി പാവപ്പെട്ട ആളുകളെ വലിയ രീതിയില്‍ സഹായിച്ചിരുന്നു. അതൊന്നും ആരും അറിഞ്ഞില്ല. അറിയിക്കണമെന്ന് മണി ആഗ്രഹിച്ചിട്ടുമില്ല. ഇവിടെ പലരും ഒരാളെ സഹായിക്കാന്‍ പോകുമ്പോള്‍ ചാനലുകാര്‍ ഫ്രീയാണോ എന്നല്ലേ ആദ്യം അന്വേഷിക്കുന്നത്. അങ്ങനെയുള്ള ആളായിരുന്നില്ല മണി,’ വിനയന്‍ പറയുന്നു.

Content Highlight: Vinayan Talks About Kalabhavan Mani’s Attittude After Tamil Movie Acting