മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ദാദാസാഹിബ്, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ് ഉള്‍പ്പെടെയുള്ള സിനിമകളൊക്കെ സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഈ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള നടനാണ് കലാഭവന്‍ മണി.
ദാദാസാഹിബില്‍ തങ്കച്ചന്‍ എന്ന കഥാപാത്രമായും കരുമാടിക്കുട്ടനില്‍ ടൈറ്റില്‍ റോളിലും രാക്ഷസരാജാവില്‍ ഗുണശേഖരന്‍ എന്ന വില്ലനായും അഭിനയിച്ചത് മണിയായിരുന്നു. ഇപ്പോള്‍ കലാഭവന്‍ മണിയെ കുറിച്ച് പറയുകയാണ് വിനയന്‍. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദാദാസാഹിബ് കഴിഞ്ഞ ഉടനെയാണ് ഞാന്‍ കരുമാടിക്കുട്ടന്‍ ചെയ്തത്. അതിന് ശേഷം ചെയ്ത സിനിമയാണ് മമ്മൂട്ടിയുടെ രാക്ഷസരാജാവ്. ആ പടത്തില്‍ സത്യത്തില്‍ മണിക്ക് വേഷമില്ലായിരുന്നു. എന്നാല്‍ മണി ചെറിയ വേഷമെങ്കിലും തരണമെന്ന് പറഞ്ഞപ്പോള്‍ വില്ലന്‍ വേഷം ചെയ്യാമോയെന്ന് ഞാന്‍ ചോദിച്ചു.
സാറ് പറഞ്ഞാല്‍ എന്തും ചെയ്യാമെന്നായിരുന്നു മണിയുടെ മറുപടി. അങ്ങനെയാണ് രാക്ഷസരാജാവില്‍ മമ്മൂട്ടിയുടെ എതിരാളിയായ വിക്കുള്ള മന്ത്രി വില്ലനെ മണി അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ വിജയമാണ് തമിഴില്‍ ജെമിനി എന്ന പടത്തില്‍ മണിക്ക് അവസരം നേടിക്കൊടുത്തത്.
വാസന്തിയും ലക്ഷ്മിയും തമിഴില്‍ കാശി എന്ന പേരില്‍ വിക്രമിനെ നായകനാക്കി ചെയ്തിരുന്നു. വിക്രമിന് മണിയോട് വലിയ റെസ്‌പെക്ടായിരുന്നു. അങ്ങനെ ഞാന്‍ രാക്ഷസരാജാവ് കാണണമെന്ന് വിക്രമിനോട് പറയുകയും പടത്തിന്റെ കോപ്പി അയച്ചു കൊടുക്കുകയും ചെയ്തു.
എ.വി.എം സ്റ്റുഡിയോയിലിട്ട് അവര്‍ പടം കണ്ടിട്ടാണ് ജെമിനിയിലേക്ക് മണിയെ വിളിക്കുന്നത്. മിമിക്രി കാണിക്കുന്ന ക്രൂരനായ വില്ലന്‍ വേഷം ഗംഭീരമാക്കിയതോടെ മണിക്ക് തമിഴില്‍ തിരക്കായി അവിടുന്ന് തെലുങ്കിലേക്ക് പോയി. അവന്‍ ഒരു സൗത്തിന്ത്യന്‍ ആക്ടറായി,’ വിനയന്‍ പറഞ്ഞു.
Content Highlight: Vinayan Talks About Kalabhavan Mani And Vikram