വിനയന്റെ സംവിധാനത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2002-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ അരങ്ങേറ്റ ചിത്രമാണിത്.
പി.കെ.ആര്‍. പിള്ള നിര്‍മിച്ച ഈ ചിത്രത്തിന്റെ കഥ സംവിധായകനായ വിനയന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് കലൂര്‍ ഡെന്നീസ് ആണ്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ ആണെന്നും എന്നാല്‍ ചില വാക്ക് തര്‍ക്കം കൊണ്ട് അദ്ദേഹത്തെ മാറ്റുകയായിരുന്നെന്നും വിനയന്‍ പറയുന്നു. അന്നുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച എന്നും റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
‘ആദ്യം ദിലീപുമായുള്ള ബന്ധം ഉടയുന്നത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ സമയത്താണ്. കലൂര്‍ ഡെന്നിസ് ചേട്ടന്‍ ആയിരുന്നു പ്രൊഡ്യൂസറേയും കൊണ്ട് വന്നതും ആ സിനിമ പ്ലാന്‍ ചെയ്യുന്നതും. ഞാന്‍ ഒരു സബ്ജക്ട് പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഡെന്നിസ് ചേട്ടന്‍ പറഞ്ഞു ഞാന്‍ എന്നാല്‍ അത് എഴുതാമെന്ന്. ഞാന്‍ പറഞ്ഞു ഓക്കേ ചേട്ടാ നമുക്ക് രണ്ടു പേര്‍ക്കും ഇരിക്കാമെന്ന്.
അദ്ദേഹം കുറെ വര്‍ഷങ്ങളായി സിനിമ ഒന്നും തന്നെ ചെയ്തിട്ടില്ലായിരുന്നു. ശരിയോ തെറ്റോ ഞാന്‍ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വാക്ക് കൊടുത്തതായിരുന്നു. സിനിമ തോറ്റാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംവിധായകനെയാണ്. നടന്‍ അടുത്ത പടം ഹിറ്റ് ആയാല്‍ അത് അങ്ങനെ അങ്ങ് പോകും.
അപ്പോള്‍ ദിലീപ് പറഞ്ഞു പറ്റില്ല ഡെന്നിസിനെ മാറ്റണം എന്ന്. ചില വിശ്വാസത്തിന്റെ പേരിലായിരുന്നു അത്. എന്നിട്ട് വേറെ ചെറുപ്പക്കാരനായ എഴുത്തുകാരനെയും കൊണ്ട് വന്നിരുന്നു. പറ്റില്ല വാക്കും കൊടുത്ത് പോയി അഡ്വാന്‍സും കൊടുത്ത് പോയി എന്ന് ഞാന്‍, പിന്നെ അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കമെല്ലാം ആയി.
അപ്പോള്‍ ഞാന്‍ പറഞ്ഞു മോന്‍ ഈ പടത്തില്‍ അഭിനയിക്കേണ്ട. അദ്ദേഹം ഞെട്ടിപ്പോയി, ഞാന്‍ അല്ലെങ്കില്‍ വേറെ ആര് അഭിനയിക്കും എന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു അതെനിക്കറിയില്ല എന്തായാലും മോന്‍ ഈ സിനിമയില്‍ വേണ്ട എന്ന്. അങ്ങനെയാണ് ടി.വിയില്‍ എവിടേയോ കണ്ടിട്ട് ജയസൂര്യയെ അഭിനയിപ്പിക്കുന്നതും ആ സിനിമ ഹിറ്റ് ആകുന്നതും. ആണ് തൊട്ടേ ദിലീപിന് എന്നോട് ഒരു ചെറിയ പരിഭവം ഉണ്ടായിരുന്നു,’ വിനയന്‍ പറയുന്നു.
Content Highlight: Vinayan Talks About His issue With Actor Dileep