'വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു'
Film News
'വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th August 2022, 1:58 pm

ആകാശ ഗംഗ, അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം പോലെയുള്ള സിനിമകള്‍ ചെയ്ത് മലയാള പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് വിനയന്‍. അതേസമയം ഒരുസമയത്ത് വിവാദങ്ങളിലും അദ്ദേഹം നിറഞ്ഞ് നിന്നിട്ടുണ്ട്. അമ്മ സംഘടനയുടെ വിലക്ക് വരെ അദ്ദേഹത്തിന് നേരിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. താന്‍ മുമ്പോട്ട് വെച്ച് പ്രശ്‌നങ്ങള്‍ താരസംഘടനയായ അമ്മയിലെ ഒരു വിഭാഗം ചര്‍ച്ച ചെയ്യാന്‍ തയാറായില്ല എന്ന് വിനയന്‍ പറയുന്നു. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

‘അത്ഭുത ദ്വീപ് കഴിഞ്ഞതിന് ശേഷമാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു. എന്നാല്‍ അത് ഞാന്‍ വരേണ്യവര്‍ഗം എന്ന് വിളിക്കുന്ന ഒരുവിഭാഗം ചര്‍ച്ചയാക്കാന്‍ തയ്യാറായില്ല. അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപാട് നല്ല സിനിമകള്‍ എനിക്ക് നഷ്ടമാവില്ലായിരുന്നു.

വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പിന്നീട് പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എന്നോട് വ്യക്തിപരമായി യാതൊരു പകയുമില്ലായിരുന്നു. ദിലീപിനെപ്പോലുള്ളവരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായി തീര്‍ന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ടു’മായി മമ്മൂട്ടിയും മോഹന്‍ലാലും സഹകരിച്ചു. അഭിനയിച്ചില്ലെങ്കിലും അവരുടെ ശബ്ദസാന്നിധ്യമുണ്ട്. തുടക്കത്തില്‍ മോഹന്‍ലാലും ഒടുക്കത്തില്‍ മമ്മൂട്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റെ ഭാഗമാണ്,’ വിനയന്‍ പറഞ്ഞു.

സിജു വില്‍സണിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ചും വിനയന്‍ പറഞ്ഞു. ‘ഞാനൊരു ആലപ്പുഴക്കാരനാണ്. അമ്പലപ്പുഴയാണ് എന്റെ വീട്. വേലായുധ പണിക്കര്‍ ജനിച്ച് ജീവിച്ച ഇടം എന്റെ ഗ്രാമത്തിന് അടുത്താണ്. കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ കഥകള്‍ പ്രായമാവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചേര്‍ത്തലയും അടുത്താണ്.

അവിടെ മുലച്ചിപ്പറമ്പ് എന്ന സ്ഥലമുണ്ട്. അവിടെ മാറുമറയ്ക്കുന്നതിന് സമരം ചെയ്ത നങ്ങേലിയുടെ പ്രതിമയുണ്ട്. അവിടെ ഒരു അനുസ്മരണ യോഗത്തില്‍ ഒരിക്കല്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. നങ്ങേലി മാറുമുറിച്ച് ആത്മാഹൂതി നടത്തിയ കഥ മുത്തശ്ശിമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇതെല്ലാം എനിക്ക് പ്രചോദനമായിരുന്നു. വേലായുധ പണിക്കരുടെ ജനനവും മരണവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വേലായുധ പണിക്കരുടെ ജീവചരിത്രത്തില്‍ നങ്ങേലി കടന്നുവരുന്നുണ്ട്. ഇതെല്ലാം പരസ്പരം ബന്ധിപ്പിച്ചാണ് തിരക്കഥ ഒരുക്കിയത്,’ വിനയന്‍ പറഞ്ഞു.

Content Highlight: vinayan says Mammootty told Amma’s general body meeting that what was done tome was not right