ഞാന്‍ കൊണ്ടുവന്ന നടന്മാര്‍ പോലും എന്നെ ഒഴിവാക്കിയപ്പോള്‍ സംഘടനയുടെ വിലക്കിനെ വകവെക്കാതിരുന്ന ഒരേയൊരു നടന്‍ അയാളായിരുന്നു: വിനയന്‍
Entertainment
ഞാന്‍ കൊണ്ടുവന്ന നടന്മാര്‍ പോലും എന്നെ ഒഴിവാക്കിയപ്പോള്‍ സംഘടനയുടെ വിലക്കിനെ വകവെക്കാതിരുന്ന ഒരേയൊരു നടന്‍ അയാളായിരുന്നു: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 14, 02:42 am
Tuesday, 14th January 2025, 8:12 am

മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയന്‍ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

വിനയനും താരസംഘടനകളും തമ്മിലുള്ള പ്രശ്‌നം ഇന്നും പല ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. മാക്ട സംഘടനയും താരസംഘടനയും വിനയനെ വിലക്കിയിട്ടും അയാള്‍ സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. വിലക്ക് നേരിട്ട സമയത്ത് തന്റെ കൂടെ നിന്ന നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് വിനയന്‍. താന്‍ കൈപിടിച്ച് കൊണ്ടുവന്ന നടന്മാരില്‍ പലരും അന്ന് തന്റെ കൂടെ നിന്നില്ലെന്ന് വിനയന്‍ പറഞ്ഞു.

തന്റെ കൈയില്‍ നിന്ന് വാങ്ങിയ അഡ്വാന്‍സ് പലരും തിരികെ തന്നെന്നും അവര്‍ക്കെല്ലാം സംഘടനയെ പേടിയായിരുന്നെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സമയത്ത് തന്റെ സിനിമയില്‍ എന്ത് വന്നാലും അഭിനയിക്കുമെന്ന് പറഞ്ഞ ഒരേയൊരു നടന്‍ മാള അരവിന്ദനായിരുന്നെന്ന് വിനയന്‍ പറഞ്ഞു. വിലക്ക് വന്ന് സാമ്പത്തികമായി നഷ്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും മാള അരവിന്ദന്‍ തന്റെ കൂടെ നിന്നെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ എതിരെ നില്‍ക്കുന്നവരെല്ലാം തന്നെ തെറ്റുകാരനാക്കിയപ്പോള്‍ മാള അരവിന്ദന്‍ തന്റെ കൂടെ തന്നെ നിന്നെന്നും എല്ലാ ദിവസവും വിളിച്ച് താന്‍ ഓക്കെയാണോ എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും വിനയന്‍ പറഞ്ഞു. തന്റെ ആറോ ഏഴോ സിനിമയില്‍ മാത്രം അഭിനയിച്ച മാള അരവിന്ദന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വിനയന്‍.

‘ജഗതി ചേട്ടന്‍, പപ്പു ചേട്ടന്‍, മാള ചേട്ടന്‍ ഇവരൊക്കെയായിരുന്നു ആ ജനറേഷനിലെ മികച്ച കോമഡി താരങ്ങള്‍. അതില്‍ തന്നെ മാള ചേട്ടന്‍ എന്റെ മോശം സമയത്ത് കൂടെ നിന്നിട്ടുള്ള ആളായിരുന്നു. എന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ പലരും അത് തിരിച്ചുതന്നു. എന്റെ കൂടെ നിന്നാല്‍ അവര്‍ക്ക് അവസരം കിട്ടാതെ പോകുമോ എന്ന പേടിയായിരുന്നു.

എന്നാലും ആ സമയത്ത് എന്റെ ഭാഗത്ത് തെറ്റില്ലെന്ന് കരുതി കൂടെ നിന്നത് മാളച്ചേട്ടന്‍ മാത്രമായിരുന്നു. ഞാന്‍ കൈപിടിച്ച് കൊണ്ടുവന്ന നടന്മാര്‍ പോലും അന്ന് എന്റെയൊപ്പം ഉണ്ടായിരുന്നില്ല. പുള്ളി എല്ലാ ദിവസവും എന്നെ വിളിച്ചിട്ട് ഞാന്‍ ഓക്കെയാണോ എന്നൊക്കെ ചോദിക്കുമായിരുന്നു. എന്റെ ആറോ ഏഴോ പടത്തില്‍ മാത്രം അഭിനയിച്ച പുള്ളിക്ക് അങ്ങനെ ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടും എന്റെ കൂടെ നിന്നു,’ വിനയന്‍ പറഞ്ഞു.

Content Highlight: Vinayan says Mala Aravindan stood with him during his bad phase