| Wednesday, 9th November 2022, 6:15 pm

എന്നോട് തിരക്കാണെന്നാണ് പൃഥ്വി പറഞ്ഞത്; എന്നിട്ട് വാരിയംകുന്നന് ഡേറ്റ് നല്‍കി; കാത്തിരിക്കാന്‍ പറ്റില്ലായിരുന്നുവെന്ന് വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കറെന്ന ചരിത്ര പുരുഷന്റെ കഥയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് പറഞ്ഞത്.

സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. വേലായുധ പണിക്കറുടെ റോള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സിജുവിന് കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. താര പരിവേഷങ്ങളൊന്നുമില്ലാതെ തന്നെ സിജു കാണികളുടെ പ്രിയ നടനായി മാറി.

സിജുവിന് മുമ്പ് വിനയന്‍ സിനിമയുടെ കഥ പറഞ്ഞിരുന്നത് പൃഥ്വിരാജിനോടായിരുന്നു. പൃഥ്വിയോട് കഥ പറഞ്ഞപ്പോള്‍ തിരക്കാണെന്ന് പറഞ്ഞെന്നും എന്നാല്‍ അതേസമയം തന്നെ വാരിയന്‍കുന്നന്‍ എന്ന സിനിമയുടെ പോസ്റ്റ് പൃഥ്വി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു എന്നും വിനയന്‍ വ്യക്തമാക്കി. സമയമില്ലാതെ ഒരാള്‍ക്ക് വേണ്ടി കാത്തിരുന്ന് തന്റെ ആവേശം കളയാന്‍ തനിക്ക് സാധിക്കില്ലെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞിരുന്നു.

‘ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു നായകനെങ്കില്‍ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ഫാന്‍സുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. വേലായുധപ്പണിക്കരുടെ മുപ്പതുകളിലും നാപ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താല്‍ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി. പിന്നെയുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് അയാള്‍ വളരെ തിരക്കിലായിരുന്നു.

തിരക്കാണെന്ന് പറഞ്ഞ അതേസമയം തന്നെ എഫ്.ബിയില്‍ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയന്‍കുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോള്‍ ഞാന്‍ കരുതി, സമയമില്ലാതെ ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പറ്റില്ല. എന്റെ സ്വഭാവം അതാണ്. എന്റെ മനസില്‍ ഒരു ആവേശം നിലനില്‍ക്കുന്ന സമയത്ത് അത് തളര്‍ത്തിക്കൊണ്ട് ഒരു വര്‍ഷം കാത്തിരുന്നാല്‍ എന്റെ ആവേശം തളര്‍ന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് ഞാന്‍ ആലോചിക്കുന്നത്,’ വിനയന്‍ പറഞ്ഞു.

അതേസമയം ഒരുപാട് വിവാദങ്ങള്‍ക്ക് ശേഷം വാരിയം കുന്നന്‍ സിനിമ ഡ്രോപ് ചെയ്തിരുന്നു. പൃഥ്വിയും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു വാരിയം കുന്നന്‍.

മികച്ച പ്രകടനമാണ് പത്തൊമ്പതാം നൂറ്റാണ്ട് കേരള ബോക്സ് ഓഫീസില്‍ കാഴ്ച്ചത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനയന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, മാധുരി, സെന്‍തിള്‍ കൃഷ്ണ, സുദേവ് നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. ചിത്രമിപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി റിലീസും ചെയ്തിട്ടുണ്ട്.

Content Highlight: Vinayan Says He first chose Prithviraj for Pathonpatham Nootandu role repost

We use cookies to give you the best possible experience. Learn more