സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് അവസാനിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിരുവിതാംകൂറിലെ ഇതിഹാസ തുല്യനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രീകരണത്തിന്റെ വിശേഷങ്ങളും സ്റ്റില്ലുകളും, ലൊക്കേഷന്‍ ചിത്രങ്ങളും കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും വിനയന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും പതിവായിരുന്നു. വിനയന്റെ പോസ്റ്റിന് കീഴെ വന്ന കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തിലെ നായകനായ സിജുവിനെ അധിക്ഷേപിച്ചുള്ള കമന്റിനാണ് വിനയന്‍ മറുപടി നല്‍കിയിരിക്കുന്നത്.
”എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല,’ എന്നായിരുന്നു കമന്റ്. എന്നാല്‍ ഒട്ടും പ്രകോപിതനാവാതെ ”ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്,’ എന്നായിരുന്നു വിനയന്റെ മറുപടി.
തന്റെ ചിത്രത്തിലെ അഭിനേതാക്കളോടുള്ള സ്‌നേഹവും സിജുവിന്റെ പ്രകടനത്തിനോടുള്ള ആത്മവിശ്വാസത്തിനെയും പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കരാവുന്നതിന് വേണ്ടി സിജു കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു.
പലരും ചോദിക്കുന്ന പോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ഒരു ഡോക്യുമെന്ററിയല്ല ഈ സിനിമയെന്നും മറിച്ച് തിരുവിതാംകൂറിന്റെ ചരിത്രം എഴുതിയപ്പോള്‍ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്‌കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും ആ നവോത്ഥാന നായകന്‍ സമൂഹത്തിനു വേണ്ടി ചെയ്ത നന്‍മകളിലൂടെ യാത്ര ചെയ്യുകയുമാണ് സിനിമ ചെയ്യുന്നതെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.
വിനയന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ-ഷാജി കുമാര്‍, സംഗീതം-എം.ജയചന്ദ്രന്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.