| Sunday, 20th October 2019, 5:45 pm

ആകാശഗംഗയെ ജീന്‍സ് ഇടീക്കാനും കഴിയില്ല; ട്രെയ്‌ലറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

20 വര്‍ഷത്തെ ഇടവേളക്ക് ശേഷം സൂപ്പര്‍ ഹിറ്റായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ വിനയന്‍ എത്തുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

യൂട്യൂബ് ട്രെന്റിംഗില്‍ ട്രെയ്‌ലര്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രെയ്‌ലറിനെ വിമര്‍ശിച്ച് കൊണ്ടും ആളുകള്‍ എത്തിയിരുന്നു. ‘ആകാശഗംഗ 2’ന്റെ ട്രെയ്ലറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിനയന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോള്‍ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ, ഇത് കുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാന്‍വേണ്ടി പറയുന്നവരോട്.. എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിനയന്റെ മറുപടി.

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയെ ജീന്‍സ് ഇടീക്കാനും കഴിയില്ലെന്നും വിനയന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘ആകാശഗംഗ’ ട്രെയിലര്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെന്‍ഡ്രിംഗില്‍ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെങ്കിലും വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ഫിലിംമേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഏറ്റെടുത്തത്. അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് തീയറ്ററില്‍ കണ്ട് നിങ്ങള്‍ വിലയിരുത്തു.

മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോള്‍ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ, ഇത് കുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാന്‍വേണ്ടി പറയുന്നവരോട്..

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയെ ജീന്‍സ് ഇടീക്കാനും കഴിയില്ല. പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതല്‍ ഭയത്തിന്റെയും ആകാംക്ഷയുടെയും വേറിട്ട ആസ്വാദന തലങ്ങള്‍ ഈചിത്രത്തില്‍ കാണാന്‍ കഴിയും. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായ കഥാതന്തുവും ഉണ്ട്. ഏതായാലും ഹൊറര്‍ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിന്റെ സ്വീകാര്യതയില്‍ പോലും കാണുന്നത്. അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമര്‍ശനങ്ങള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കും പുല്ലുവില കൊടുത്തുകൊണ്ട് കേരളം മുഴുവന്‍ ഈ ട്രെയിലര്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ആശങ്കാകുലരായ ആ സുഹൃത്തുക്കളെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നല്ല നമസ്‌കാരം. നവംബര്‍ ഒന്നിന് റിലീസ് ചെയ്യുമ്പോള്‍ ട്രെയിലര്‍ പോലെ ചിത്രവും ചര്‍ച്ചചെയ്യപ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കളോടും നന്ദിയും സ്നേഹവും പ്രകാശിപ്പിച്ചു കൊള്ളട്ടെ..

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more