| Sunday, 19th September 2021, 7:52 pm

ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ; അത്ഭുതദ്വീപിലെ ഇട്ടുണ്ണാനെ അനുസ്മരിച്ച് വിനയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ അനുപമ കലാകാരന്മാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് സംവിധായകന്‍ വിനയന്‍. സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളാണ് വിനയന്‍ മലയാള സിനിമാ ലോകത്തിന് നല്‍കിയത്.

2005 ഏപ്രില്‍ ഒന്നിന് മലയാള സിനിമ അന്നു വരെ കണ്ടിട്ടില്ലാത്ത് തരത്തിലുള്ള ഒരു സിനിമയുമായെത്തിയാണ് വിനയന്‍ മലയാളികളെ ഞെട്ടിച്ചത്. പൊക്കം കുറഞ്ഞ കലാകാരന്മാരെ നായകരാക്കി ‘അത്ഭുതദ്വീപ്’ എന്ന ചിത്രമൊരുക്കിയാണ് മികച്ച ഒരു സിനിമാനുഭവം വിനയന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ സിനിമയില്‍ കൊട്ടാരം ചമയക്കാരനായെത്തിയ സാജന്‍ സാഗരയെ അനുസ്മരിക്കുകയാണ് വിനയന്‍.

‘അത്ഭുതദ്വീപ് എന്ന സിനിമയില്‍ കൊട്ടാരം ചമയക്കാരനായി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാജന്‍ സാഗര അന്തരിച്ചിട്ട് ഇന്നു 16 വര്‍ഷം തികയുകയാണ്. 2005 സെപ്തംബര്‍ 19 നാണ് 29-ാം വയസ്സില്‍ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജന്‍ വിടപറഞ്ഞത്,’ എന്നാണ് വിനയന്‍ ഫേയ്‌സ്ബുക്കിന്‍ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത്.

2005 ഏപ്രില്‍ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യര്‍ പെട്ടെന്നു നമ്മുടെ സമൂഹത്തില്‍ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു എന്നാണ് വിനയന്‍ പറയുന്നത്.

ആ കുഞ്ഞു കലാകാരന്മാര്‍ക്ക് തങ്ങളും മറ്റു സിനിമാ നടന്മാരെയോ കലാകാരന്മാരെയോ പോലെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ആളുകളാണെന്ന ആത്മവിശ്വാസമുണ്ടായെന്നും അവര്‍ക്കു കിട്ടിയ ആ പോസിറ്റീവ് എനര്‍ജിയും സന്തോഷവുമാണ് എന്നുമെന്നെ സംതൃപ്തനാക്കുന്നതെന്നും വിനയന്‍ പറയുന്നു.

അത്ഭുതദ്വീപിന്റെ ചിത്രീകരണ സമയത്ത് സാജന്‍ സാഗര പറഞ്ഞ വാക്കുകള്‍ ഒര്‍ക്കുകയാണ് അദ്ദേഹം,

‘ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ സാര്‍. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ. ഇതു പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ച സാജന്റെ വാക്കുകളില്‍ പൊക്കം കുറഞ്ഞതിന്റെ വേദന നിഴലിക്കുന്നതു ഞാന്‍ കണ്ടു. അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയില്‍ ജനിച്ചു ജീവിക്കാന്‍ കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാന്‍ ഉതകുന്ന വാക്കുകളായിരുന്നു അത്,’ വിനയന്‍ പറയുന്നു.

അത്ഭുതദ്വീപ് ഇറങ്ങിയ ശേഷം സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകള്‍ കിട്ടിയെന്നും അതോടെ വലിയ തിരക്കായെന്നും വിനയന്‍ പറയുന്നു. ഒരു പരിപാടിയുടെ റിഹേഴ്‌സല്‍ സമയത്ത് ബെഞ്ചില്‍ നിന്നും താഴെ വീണ ആ വലിയ കലാകാരനായ കുഞ്ഞുമനുഷ്യന്റെ ജീവിതം അവിടെ തീരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സിനിമയുടെ ഭാഗമായിരുന്ന, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത കലാകാരന്മാരെയും വിനയന്‍ പോസ്റ്റില്‍ അനുസ്മരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vinayan Recalls the Memories of Sajan Sagara

We use cookies to give you the best possible experience. Learn more