| Wednesday, 8th March 2023, 2:30 pm

എ.സി. ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാരും കൂലിപ്പണിക്കാരും ദുരിതമനുഭവിക്കുന്നു, മാലിന്യമല കത്തിച്ചവരെ കണ്ടെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണം: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലെ തീ അണക്കാനാവാത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നുപോവുകയാണെന്നും ജനാലകള്‍ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങള്‍ പലതായെന്നും വിനയന്‍ പറഞ്ഞു. ഈ വിഷമല കത്തിയതിനു പിന്നില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിനയന്‍ പറഞ്ഞു.

‘ഇതു കൊല്ലാക്കൊലയാണ്. ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവര്‍ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് നടത്തിയിരിക്കുന്നത്. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നുപോകുന്നു.

വീടുകളെല്ലാം ജനാലകള്‍ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങള്‍ പലതായി. എന്നിട്ടുപോലും ശ്വാസ കോശത്തിന് അസുഖമുള്ളവര്‍ പലരും ചികിത്സക്കായി ആശുപത്രികളില്‍ അഭയം തേടിയിരിക്കുന്നു. എ.സി. ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാര്‍ക്കൊക്കെ ശാരീരിക അസ്വസ്തത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാരായ തൊഴിലാളികള്‍ പലരും ചുമയും ശ്വാസം മുട്ടലും മൂലം വിഷമിക്കുന്നു. സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാന്‍ പോന്ന ഈ വിപത്തിന്റെ ആഴം അധികാരികള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.

ഈ വിഷമല കത്തിയതിനു പിന്നില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടക്കുന്നത്രേ. അങ്ങനെയുണ്ടങ്കില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം. ഇത്തരം സാമൂഹിക വിപത്തു സൃഷ്ടിക്കുന്നവര്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണം,’ വിനയന്‍ പറഞ്ഞു,’ വിനയന്‍ കുറിച്ചു.

കുണ്ടന്നൂര്‍, മരട്, വൈറ്റില മേഖലകളിലാണ് പുകശല്യം രൂക്ഷം. തീയണച്ചെങ്കിലും ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഇപ്പോഴും പുക വമിക്കുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. പുക ശമിപ്പിക്കുന്നതിന് ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്നും ഇതിനായി ഇന്ന് വെള്ളം സ്‌പ്രേ ചെയ്യും. നാല് മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്.

Content Highlight: vinayan rasponds to brahmapuram waste plant fire

We use cookies to give you the best possible experience. Learn more