| Wednesday, 9th October 2019, 10:12 am

മോഹന്‍ലാല്‍ ചിത്രവുമായി വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആകാശഗംഗ2 ‘ന്റെ റിലീസിനു ശേഷം മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് സംവിധായകന്‍ വിനയന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും ചരിത്ര പശ്ചാത്തലത്തിലുള്ള ‘നങ്ങേലി’യും പ്ലാനിംഗിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് 3ഡി ചിത്രമായ ബറോസിന്റെ സംവിധാനം നിര്‍വ്വഹിക്കേണ്ടതിനാല്‍ അദ്ദേഹവുമായുള്ള സംരംഭം അടുത്ത വര്‍ഷം നടക്കാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര സംഘടനകളുടെ ദീര്‍ഘകാലം നീണ്ടു നിന്ന വിലക്കുകള്‍ അവസാനിച്ച ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍താര ചിത്രമാകും മോഹന്‍ലാലുമായുള്ളത്. പത്ത് വര്‍ഷമാണ് വിനയന്‍ സംഘടനകളില്‍ നിന്ന് വിലക്ക് നേരിട്ടത് . രാജാമണി എന്ന പുതുമുഖ നടനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ ചാലക്കുടിക്കാരന്‍ ചങ്ങാതി’ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. സിനിമയോടുള്ള തന്റെ വൈകാരിക ബന്ധവുംഅതുതരുന്ന സന്തോഷവും പഴയതിലും ഊര്‍ജ്ജസ്വലമായി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പുതുമയാര്‍ന്ന ചില സബ്ജക്ടുകള്‍ക്കായി ശ്രമിക്കുന്നുണ്ടെന്നും വിനയന്‍ പറഞ്ഞു.

‘ആകാശഗംഗ 2’ നവംബര്‍ ഒന്നിനാണ് റിലീസിനൊരുങ്ങുന്നത് നിനവധി പുതുമുഖങ്ങളാണ് ‘ആകാശഗംഗ 2’ ല്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം പോലെ രണ്ടാംഭാഗവും പ്രേക്ഷകര്‍ക്ക് രസകരവും ഉദ്വേഗ ജനകവുമായിരിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്ന് വിനയന്‍ പറഞ്ഞു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ആകാശഗംഗ 2’ നവംബര്‍ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്‌മോസ് സൗണ്ട് മിക്‌സിങ്ങിന്റെയും ഗ്രാഫിക്‌സിന്റെയും ജോലികള്‍ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവര്‍ഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകള്‍ക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാന്‍ കാണുന്നു… ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹന്‍ലാല്‍ നായകനായ ഒരു സിനിമയും ‘നങ്ങേലി’യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകള്‍. ഇതിനിടയില്‍ 3റ ചിത്രത്തിന്റെ സംവിധാനം കൂടി ശ്രീ മോഹന്‍ലാലിനു നിര്‍വ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവര്‍ഷം അവസാനമേ നടക്കാന്‍ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എന്റെ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊര്‍ജ്ജ്‌സ്വലമായി ഇന്നും നിലനില്‍ക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാര്‍ന്ന ചില സബ്ജക്ടുകള്‍ക്കായി ഞാന്‍ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന ‘ആകാശഗംഗ2’ വിലും നിരവധി പ്രമുഖ നടന്‍മാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..
നല്ലൊരു എന്റര്‍ടൈനര്‍ നിങ്ങള്‍ക്കായി കാഴ്ചവയ്കാന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്‌നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..

We use cookies to give you the best possible experience. Learn more