എനിക്ക് വാശിയായി, എഴുത്തുകാരനെ മാറ്റില്ല, അനിയന്‍ അങ്ങ് മാറിനിന്നോളാന്‍ ദിലീപിനോട് പറഞ്ഞു: വിനയന്‍
Film News
എനിക്ക് വാശിയായി, എഴുത്തുകാരനെ മാറ്റില്ല, അനിയന്‍ അങ്ങ് മാറിനിന്നോളാന്‍ ദിലീപിനോട് പറഞ്ഞു: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 7:41 pm

വിനയന്‍ സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍.  ജയസൂര്യയും കാവ്യാ മാധവനും പ്രധാനകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ രണ്ടുപേരും സംസാര ശേഷിയില്ലാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ജയസൂര്യയുടെ കഥാപാത്രത്തിന് ചെവി കേള്‍ക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. ഇന്ദ്രജിത്ത് സുകുമാരന്‍ വില്ലനായാണ് ചിത്രത്തില്‍ എത്തിയിരുന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ദിലീപിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെ പറ്റി സംസാരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍.

”ദിലീപ് വലിയ നടനായി കഴിഞ്ഞ സമയത്ത്, അദ്ദേഹവുമായി ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ റൈറ്ററെ മാറ്റണമെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ പറഞ്ഞു തല്‍ക്കാലം അനിയന്‍ ഒന്ന് മാറി നില്‍ക്ക്. വേറെ ഒരു മാര്‍ഗവുമില്ല റൈറ്ററെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ വാശി പിടിച്ചു. അങ്ങനെയാണ് ദിലീപിന് പകരമായി സിനിമയിലേക്ക് നായകനായി ജയസൂര്യയെ കൊണ്ടു വരുന്നത്, ” വിനയന്‍ പറഞ്ഞു.

”ഇന്ദ്രജിത്ത് , കരുമാടിക്കുട്ടനില്‍ കലാഭവന്‍ മണി , അനൂപ് മേനോന്‍ ഇവരെയെല്ലാം കൊണ്ടു വന്നപ്പോഴൊക്കെ ഞാന്‍ വലിയ റിസ്‌ക്ക് തന്നെയാണ് എടുത്തത്. ഇരുപത്തി രണ്ട് വയസ്സുള്ളപ്പോഴാണ് പൃഥ്വിരാജ് സത്യം ചെയ്യുന്നത്. അന്നും ഒരുപാടുപേര്‍ ചോദിച്ചിരുന്നു ഇത് വല്ലതും നടക്കുമോയെന്ന്. എന്നാല്‍ അതിലൂടെ പൃഥ്വിരാജ് വലിയ ആക്ഷന്‍ ഹീറോയായി.

ഡെഡിക്കേഷന്റെ ഏറ്റവും വലിയ പര്‍വതം എന്ന് പറയുന്നത് സിജു വില്‍സനാണ്. അയാള്‍ കാണിച്ച അര്‍പ്പണ മനോഭാവം ഞാനിതുവരെ ആരിലും കണ്ടിട്ടില്ല. അതിന്റെ റിസല്‍ട്ട് എടുത്തിട്ടേ അയാള്‍ പോയുള്ളൂ. എന്നെ കാണാന്‍ വരുമ്പോള്‍ സിജു വില്‍സണ്‍ വളരെ സോഫ്റ്റ് വേഷങ്ങള്‍ ചെയ്യുന്ന തമാശയൊക്കെ ചെയ്യുന്ന നടനാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Vinayan is talking about Dileep’s removal from the lead role in the movie Oomapenninu Uriyathappaiyan