| Friday, 26th August 2022, 12:22 pm

കൂട്ടത്തില്‍ ചേരാനും കാര്യം കാണാനും വാചകമടിക്കുന്നയാളല്ല പൃഥ്വിരാജ്, അന്ന് അദ്ദേഹം എന്‍റെയൊപ്പം നിന്നു: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വിവാദങ്ങളുടെ പേരില്‍ കൂടി അറിയപ്പെടുന്ന സംവിധായകനാണ് വിനയന്‍. ഒരു സമയത്ത് സിനിമയില്‍ നിന്ന് തന്നെ അദ്ദേഹത്തിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. തനിക്കും ഒപ്പം പൃഥ്വിരാജിനും തിലകനും 2004ല്‍ വിലക്ക് ലഭിച്ച സാഹ്യചര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യ ഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍.

‘ആര്‍ട്ടിസ്റ്റുകള്‍ എഗ്രിമെന്റ് സൈന്‍ ചെയ്യണം എന്ന ആവിശ്യം 2004ല്‍ നിര്‍മാതാക്കള്‍ ഉന്നയിച്ചിരുന്നു. എത്ര രൂപയാണ് പ്രതിഫലമെന്നും, എത്രയാണ് ഇതിനു അഡ്വാന്‍സ് വാങ്ങിയതെന്നും, എത്ര ദിവസം സിനിമയ്ക്കു തിയതി തരുമെന്നുമൊക്കെയുള്ള എഗ്രിമെന്റ് ആണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താരങ്ങള്‍ ഇതിനു സമ്മതിച്ചില്ല. പിന്നീട് എന്റെയൊക്കെ ഇടപെടല്‍ കൊണ്ട് ഇവര്‍ക്കൊക്കെ സമ്മതിക്കേണ്ടി വന്നു. ആ എഗ്രിമെന്റ് ആണ് ഇവടെ ഇപ്പോഴും ഒപ്പിടുന്നത്. അത് വേറെ കാര്യം.

ഇവിടെ ഒരു മുറുക്കാന്‍ കട തുടങ്ങണമെങ്കില്‍ വരെ എഗ്രിമെന്റ് വേണം അപ്പോള്‍ 10 കോടി വരെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ എഗ്രിമെന്റ് സൈന്‍ ചെയ്യില്ല എന്ന് പറയുന്നത് മാടമ്പിത്തരമാണ്. അന്ന് ആ ഇഷ്യൂ വന്നപ്പോള്‍ താര സംഘടന അത് വേണ്ട എന്ന് പറഞ്ഞു.

മലയാളത്തിലെ യുവ സംവിധായകരില്‍ കമല്‍ അടങ്ങുന്ന ചിലര്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്. ബാക്കിയെല്ലാ സംവിധായകരും അപ്പുറത്തായിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഈ എഗ്രിമെന്റ് വേണം എന്ന നിലപാടാണെടുത്തത്. കൂട്ടത്തില്‍ ചേര്‍ന്ന് ആളാവാനും കാര്യം കാണാനും വേണ്ടി വാചകമടിക്കുന്നയാളല്ല പൃഥ്വിരാജ്.

ചേംബര്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. എന്നോട് ചോദിച്ചപ്പോള്‍ എഗ്രിമെന്റ് വേണം എന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നിന്നു. അന്ന് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കാതെ സമരത്തിലായിരുന്നു. ഷൂട്ടിങ് നിര്‍ത്തി വെച്ച് താരങ്ങളെല്ലാം അമേരിക്കയിലേക്ക് പരിപാടിക്ക് പോയി. മലയാളത്തില്‍ സിനിമയില്ലാതായപ്പോള്‍ ഒരു പറ്റം പ്രൊഡ്യൂസേഴ്‌സ് എന്നെ സമീപ്പിച്ചു. ഞാന്‍ സിനിമ ചെയ്യാം എന്നവര്‍ക്ക് വാക്ക് കൊടുത്തു. വേണമെങ്കില്‍ എനിക്ക് ഒഴിയാമായിരുന്നു. ഞാന്‍ അത് ചെയ്തില്ല. പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ഈ വിഷയത്തിനാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാം എന്ന് പറഞ്ഞു.

അന്ന് പൃഥ്വിരാജിനെയും എന്നോട് സഹകരിച്ച ചില താരങ്ങളായ ലാലു അലക്സ്, ബാബുരാജ്, ക്യാപ്റ്റന്‍ രാജു, തിലകന്‍ ചേട്ടന്‍ എന്നിവരെ വെച്ച് സിനിമ ചെയ്തു. ബാക്കിയുള്ള ചില ആര്‍ട്ടിസ്റ്റുകളെ തമിഴില്‍ നിന്ന് കൊണ്ടുവന്നു. ആര്‍ട്ടിസ്റ്റുകളുടെ സമരത്തെ പൊളിക്കാനായി അന്ന് ചെയ്ത സിനിമയാണ് സത്യം. ഈ സിനിമ റിലീസായതോടെ ഇവരുടെ സമരം പൊളിഞ്ഞു. എഗ്രിമെന്റ് ഒപ്പിടാമെന്ന് എല്ലാവരും സമ്മതിച്ചു. അതൊരു ചരിത്രമാണ്.

പിന്നീട് മാപ്പു പറഞ്ഞു മറ്റുള്ളവര്‍ സിനിമകളിലേക്ക് തിരിച്ച് കയറി. പൃഥ്വിരാജും തിലകന്‍ ചേട്ടനും മാപ്പ് പറയാന്‍ തയാറാവാത്തതുകൊണ്ട് വിലക്ക് വന്നു. അതിന് ശേഷം അത്ഭുത ദ്വീപ് വരുകയും അത് വലിയ ഹിറ്റ് ആവുകയും ചെയ്തതോടെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയത്,’ വിനയന്‍ പറഞ്ഞു.

അതേസമയം, വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ ഒമ്പതിനു ഓണം റീലീസായി തിയേറ്ററുകളില്‍ എത്തുകയാണ്. സിജു വില്‍സണാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Content Highlight: Vinayan is recalling the incident in 2004 when he along with Prithviraj and Thilakan were banned from malayalam film industry 

We use cookies to give you the best possible experience. Learn more