തന്റെ ചിത്രം കാണുക പോലും ചെയ്യാതെ ഐ.എഫ്.എഫ്.കെ ജൂറി തഴഞ്ഞുവെന്ന സംവിധായകന്‍ അനില്‍ തോമസിന്റെ പരാതിയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനിലെ അപാകതയെ കുറിച്ച് ഗുരുതരമായ ആക്ഷപം ഉയര്‍ന്നിട്ടുണ്ടെന്ന് വിനയന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് സമയത്ത് അദ്ദേഹം തെളിയിച്ചതാണെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്‍ അനാവശ്യമായി ഇടപെട്ടു എന്ന് ജൂറി അംഗമായ നേമം പുഷ്പരാജ് തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതില്‍ മൗനം തുടരുകയാണ് രഞ്ജിത്തെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിനയന്‍ പറഞ്ഞു. സംവിധായകന്‍ അനിലിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ചലച്ചിത്ര അക്കാദമിക്കെതിരെ വിനയന്‍ വിമര്‍ശനമുന്നയിച്ചത്.
‘സംവിധായകന്‍ അനില്‍ തോമസ് വിളച്ചിരുന്നു. അദ്ദേഹത്തിന്റെ ”ഇതുവരെ”എന്ന സിനിമ ഐ.എഫ്.കെയുടെ സെലക്ഷന് അയച്ചിട്ട് ചിത്രം കാണുക പോലും ചെയ്യാതെ ജൂറി ആ സിനിമയെ തഴഞ്ഞുവെന്ന് അദ്ദേഹം തെളിവ് സഹിതം പറയുന്നു. അനില്‍ തോമസിന്റെ എഫ്.ബി പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നത് ഞാനിവിടെ ഷെയര്‍ ചെയ്യുന്നു.
മറ്റു ചില സംവിധായകരും ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനിലെ അപാകതയെ കുറിച്ച് ഗുരുതരമായ ആക്ഷപം പറഞ്ഞിട്ടുള്ളതായി അറിയുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനോട് പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ശ്രീ രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് സമയത്ത് അദ്ദേഹം തെളിയിച്ചതാണ്.
അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്‍ അനാവശ്യമായി ഇടപെട്ടു എന്ന് ജൂറി അംഗമായ ശ്രീ നേമം പുഷ്പരാജ് തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതില്‍ മൗനം തുടരുകയാണ് ശ്രീ രഞ്ജിത്. അദ്ദേഹം തന്നെ നിയമിച്ച ഇപ്പോഴത്തെ ഈ ജൂറി ചെയര്‍മാനെപ്പറ്റി എനിക്കു സഹതാപമേ ഉള്ളു.
അക്കാദമിക്കു പരിഹരിക്കാന്‍ പറ്റാതെ വരുമ്പോള്‍ പിന്നെ അഭയം സാംസ്‌കാരിക മന്ത്രിയാണല്ലോ. ബഹുമാനപ്പെട്ട മന്ത്രി അദ്ദേഹത്തിന്റെ ഇതിഹാസ സംവിധായകനെക്കൊണ്ട് വേഗം ഇതെല്ലാം പരിഹരിക്കും എന്നു പ്രതീക്ഷിക്കാം,’ വിനയന്‍ കുറിച്ചു.
ഐ.എഫ്.എഫ്.കെയിലേക്ക് അയച്ച ചിത്രം ചലച്ചിത്ര അക്കാദമി കാണാതെ തന്നെ തള്ളി എന്ന പരാതിയുമായി കഴിഞ്ഞ ദിവസം എറാന്‍ സിനിമയുടെ സംവിധായകന്‍ ഷിജു ബാലഗോപാലനും രംഗത്തെത്തിയിരുന്നു.
എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം തന്റെ സിനിമയുടെ ലിങ്ക് സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ചിരുന്നുവെന്നും പക്ഷേ ജൂറി ഒരു സെക്കന്റ് പോലും സിനിമ കാണാതെ തിരസ്‌കരിച്ചത് ഞെട്ടിച്ചുവെന്നും ഷിജു പറഞ്ഞു. വിമിയോ അനലിറ്റിക്സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും പരിഗണനയ്ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണുക എന്ന പ്രാഥമിക കടമ പോലും ഇവിടെ ലംഘിച്ചിരിക്കുകയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണെന്നാണ് ഷിജുവിന്റെ പരാതിക്ക് വിശദീകരണമായി അക്കാദമി പറഞ്ഞത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിങ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാന്‍ പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നും അതിനാലാണ് ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ സാധിക്കാഞ്ഞതെന്നും അക്കാദമി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അക്കാദമി കള്ളം പറയുകയാണെന്നും തങ്ങള്‍ നല്‍കിയ വിമിയോ ലിങ്കില്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഇല്ലെന്നുമാണ് സംവിധായകന്‍ അനില്‍ പറഞ്ഞത്.
Content Highlight: Vinayan criticizing iffk and ranjith