| Sunday, 1st February 2015, 12:33 pm

ലാലിസത്തിനെതിരെ വീണ്ടും വിനയന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കിട്ടിയ ഗുണമെന്താണെന്ന് വ്യക്തമാക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ ലാലിന്റെ ലാലിസത്തിനെതിരെ വീണ്ടും സംവിധായകന്‍ വിനയന്‍. ദേശീയ ശ്രദ്ധ നേടുന്ന ഇങ്ങനെയൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ പരിപാടി അവതരിപ്പിക്കാന്‍ കൊടുത്തത് വഴി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്  കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് വിനയന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലാലിസത്തിന്റെ അരങ്ങേറ്റ പരിപാടിക്ക് സര്‍ക്കാര്‍ രണ്ട് കോടി ചിലവാക്കിയത് എന്ത് മാനദണ്ഡത്തിലാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു കോടി രൂപയുടെ അഴിമതിയെങ്കിലും ഈ ഒരൊറ്റ പ്രോഗ്രാമിലുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനെ താങ്കള്‍ക്കെങ്ങനെ നേരിടാന്‍ പറ്റും? ലാലിസത്തില്‍ കൂടെ പങ്കെടുക്കുന്ന ധാരാളം പേര്‍ക്ക് വീതിച്ചുകൊടുക്കാനാണ് ഈ തുക എന്ന് ശ്രീ മോഹന്‍ ലാല്‍ ഇന്നലെ പ്രസ്സ് മീറ്റില്‍ പറഞ്ഞല്ലോ? ഞാന്‍ കൂടുതലൊന്നും പറയുന്നില്ല, സത്യസന്ധമായി ആ കാര്യങ്ങള്‍ അദ്ദേഹം തന്നെ ഒന്നു വിലയിരുത്തുക.” വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആരെങ്കിലും എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ച് പോയാല്‍ അവരെ അമ്മയും പെങ്ങള്‍ന്മാരും ഉള്ളവര്‍ പറയാത്ത പച്ചത്തെറി വിളിച്ച് ആക്ഷേപിക്കുന്ന താങ്കളുടെ ഫാന്‍സ് സുഹൃത്തുക്കളെ ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ അത് സാംസ്‌കാരിക കേരളത്തോട് ചെയ്യുന്ന നന്ദികേടാണെന്നും വിനയന്‍ പോസ്റ്റില്‍ പറയുന്നു.

വിനയന്റെ പോസ്റ്റിനെ അഭിനന്ദിച്ചുകൊണ്ടും ലാലിസത്തെ കുറ്റപ്പെടുത്തികൊണ്ടും നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ വന്നിരിക്കുന്നത്. ലാലിസത്തെ ആദ്യം വിമര്‍ശിച്ചയാള്‍ എന്ന നിലയില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മോഹന്‍ ലാലിനോട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിക്കൊണ്ടാണ് ദൂരദര്‍ശനില്‍ പരിപാടി തീരുന്നതുവരെ കണ്ടത് എന്ന തുടക്കത്തോടെയാണ് വിനയന്റെ പോസ്റ്റ്.

We use cookies to give you the best possible experience. Learn more