ഇന്നസെന്റ് ചേട്ടാ, ഇനിയും പൊട്ടന്‍ കളിക്കരുത്, നിങ്ങളുടെ പേരിനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞത് അന്വര്‍ത്ഥമാക്കരുത്: രൂക്ഷവിമര്‍ശനവുമായി വിനയന്‍
Daily News
ഇന്നസെന്റ് ചേട്ടാ, ഇനിയും പൊട്ടന്‍ കളിക്കരുത്, നിങ്ങളുടെ പേരിനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞത് അന്വര്‍ത്ഥമാക്കരുത്: രൂക്ഷവിമര്‍ശനവുമായി വിനയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2017, 10:28 am

കൊച്ചി: നടിമാര്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിട്ടെന്നു വരുമെന്ന അമ്മ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീവിരുദ്ധ പ്രസ്താവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്‌കാരിക കേരളത്തെ മലീമസമാക്കാന്‍ നിങ്ങള്‍ക്കിതെന്തുപറ്റീയെന്നു ചോദിച്ചുകൊണ്ടാണ് വിനയന്‍ രംഗത്തുവന്നിരിക്കുന്നത്.

സിനിമാ രംഗത്തേ വൃത്തികേടുകളും അപചയങ്ങളും, തുറന്നുപറയാന്‍ തയ്യാറായ പെണ്‍കുട്ടികളേ താങ്കള്‍ ആവര്‍ത്തിച്ച് അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍വ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ മറുപടി തരംതാണതും കുറ്റകരമായതുമാണ്. ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കില്‍ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീവിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മയുടെ പ്രസിഡന്റെ് മാത്രമല്ല ചാലക്കുടിയിലെ പാലമെന്റെിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോര്‍ത്താല്‍ കൊള്ളാമെന്നും വിനയന്‍ ചൂണ്ടിക്കാട്ടി.


Also Read: ‘കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനല്ല, കുറ്റക്കാരിയാവുന്നത് സ്ത്രീ’ ഇന്നസെന്റിനെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍


സുകുമാര്‍ അഴീക്കോട് ഇന്നസെന്റ് എന്ന പേരിനെപ്പറ്റി പറഞ്ഞ വിവരണം അന്വര്‍ത്ഥമാക്കരുതെന്നും വിനയന്‍ പറഞ്ഞു. “ഇന്നസെന്റ് വിവരമില്ലാത്തവനാണെന്നും ഇന്നസെന്റ് അല്ലെന്നും പറഞ്ഞ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ പരോക്ഷമായി സൂചിപ്പിച്ചാണ് വിനയന്റെ വിമര്‍ശനം.

ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത് എന്നു പറഞ്ഞ് പരിഹസിച്ചാണ് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നു. “അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാല്‍ വീണ്ടും വിലക്കുമെന്ന് മൂകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറല്‍ ബോഡിയില്‍ പറഞ്ഞത്.. ഇന്നസെന്റു ചേട്ടനെ കൂടുതല്‍ എഴുതി ഞാന്‍ വിഷമിപ്പിക്കുന്നില്ല.. കോമഡി കളിച്ച് എല്ലാടത്തും രക്ഷപ്പെടാന്‍ കഴിയില്ലാ.. എന്നു താങ്കള്‍ ഓര്‍ക്കണം..” വിനയന്‍ വ്യക്തമാക്കി.