സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തിരിക്കുകയാണ്. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന ചിത്രം നിര്‍മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയെ ഹീറോ ഇമേജില്‍ അവതരിപ്പിക്കുന്നതിന് പകരം നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ കാരണം പറയുകയാണ് പോപ്പര്‍ സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വിനയന്‍.
”അതാണ് അതിന്റെ സത്യമായ കഥ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്ന സമയത്ത് കായംകുളം കൊച്ചുണ്ണിയും വേലായുധ പണിക്കരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അത് പുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധ പണിക്കരാണെന്നും അതുകൊണ്ടാണ് പണിക്കര്‍ പട്ടം കൊടുത്തതെന്നും ഗൂഗിളിലൊക്കെ ചില രേഖകളില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറേ പേരോട് സംസാരിച്ചു.
ഓരോരുത്തരും ഓരോ വേര്‍ഷനുകളാണ് പറഞ്ഞത്. ഇതില്‍ സിനിമാറ്റിക്കായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ വിശ്വസിച്ചു.
കായംകുളം കൊച്ചുണ്ണി 41ാമത്തെ വയസില്‍ മരിച്ചു, എന്നാണ് ഗൂഗിളില്‍ ഒരിടത്ത് ഞാന്‍ വായിച്ചത്. അത് ചരിത്രമായി എടുത്തവരുണ്ട്. അത് അവര്‍ സിനിമക്ക് വേണ്ടി ഉണ്ടാക്കിയതാണ്.
71ാം വയസില്‍ പുള്ളി കായംകുളം ജയിലില്‍ കിടന്ന് മരിച്ചെന്നും ജയിലില്‍ കൊച്ചുണ്ണിയെ പിടിച്ചിട്ടത് വേലായുധ പണിക്കരാണെന്നും പറയുന്ന പുസ്തകങ്ങളുണ്ട്. വളരെ കുറച്ച് പുസ്തകങ്ങളേ ഈ വേലായുധ പണിക്കരെ പറ്റി എഴുതപ്പെട്ടിട്ടുള്ളൂ.
എത്ര ആള്‍ക്കാര്‍ക്ക് നന്മ ചെയ്താലും മോഷണം മോഷണം തന്നെയല്ലേ എന്നതാണ് വേലായുധ പണിക്കര്‍ പറയുന്നത്. കായംകുളം കൊച്ചുണ്ണിയെ ഹീറോയാക്കി സിനിമ ചെയ്യുമ്പോള്‍ ഇത് പറയില്ലല്ലോ. അപ്പോള്‍ ഇത് പുണ്യകര്‍മമായാണ് പറയുക,” വിനയന്‍ പറഞ്ഞു.
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ചെമ്പന്‍ വിനോദ് ജോസ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, പൂനം ബജ്വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. നിര്‍മാതാവായ ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Vinayan about the portrayal of Kayamkulam Kochunni in a negative shade in Pathonpatham Noottandu movie