കുഞ്ഞാലിമരയ്ക്കാറില്‍ കോടിക്കണക്കിന് രൂപ മുടക്കി ടാങ്ക് കെട്ടിയാണ് തുറമുഖം ഉണ്ടാക്കിയത്; അത്രയും ബഡ്ജറ്റ് ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ മറ്റൊരു പരിപാടി ചെയ്തു: വിനയന്‍
Movie Day
കുഞ്ഞാലിമരയ്ക്കാറില്‍ കോടിക്കണക്കിന് രൂപ മുടക്കി ടാങ്ക് കെട്ടിയാണ് തുറമുഖം ഉണ്ടാക്കിയത്; അത്രയും ബഡ്ജറ്റ് ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ മറ്റൊരു പരിപാടി ചെയ്തു: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th November 2022, 12:53 pm

സിജു വില്‍സണെ പ്രധാന കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് അടുത്തിടെയാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് ഒ.ടി.ടിയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. കോടിക്കണക്കിന് രൂപ ചിലവാക്കിയുള്ള ഗ്രാഫിക്‌സ് ഒന്നും ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിനയന്‍ പറഞ്ഞത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഗ്രാഫിക്സിന് താന്‍ അധികം പ്രാധാന്യം കൊടുത്തിട്ടില്ല. ആവശ്യത്തിന് മാത്രം ഗ്രാഫിക്സേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാല്‍ സിനിമ ആവശ്യപ്പെടുന്ന, സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതിയിലുള്ള എല്ലാം ഒരു കോംപ്രമൈസും ചെയ്യാതെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു.

‘പത്തൊമ്പതാം നൂറ്റാണ്ടില്‍ ആവശ്യത്തിന് മാത്രം ഗ്രാഫിക്സേ ഉപയോഗിച്ചിട്ടുള്ളൂ. ഒന്ന് ആ തുറമുഖത്തിന്റെ സീനില്‍. അതില്‍ പോലും ഒരു കപ്പല്‍ നമ്മള്‍ ഉണ്ടാക്കി.

ഇപ്പോള്‍ കുഞ്ഞാലി മരക്കാറിലൊക്കെ കോടിക്കണക്കിന് രൂപ മുടക്കി വലിയ ടാങ്ക് കെട്ടിയാണ് തുറമുഖം ഉണ്ടാക്കിയത്. അത് ഭയങ്കരമായിരുന്നല്ലോ കാണാനായിട്ട്. അത്രയും കാശ് മുടക്കാന്‍ നമ്മുടെ കയ്യില്‍ ബഡ്ജറ്റ് ഇല്ലല്ലോ, അതുകൊണ്ട് തന്നെ നമ്മള്‍ വേറൊരു പരിപാടിയിലാണ് ചെയ്തത്. അത് കുഴപ്പമില്ലാതെ വന്നിട്ടുണ്ട്, വിനയന്‍ പറഞ്ഞു.

20 കോടി ചിലവഴിച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. നൂറ് കോടി ചിലവഴിച്ചെന്ന് വേണമെങ്കില്‍ പറയാമായിരുന്നു, വിനയന്‍ പറഞ്ഞു. അങ്ങനെ പറയുന്നവര്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ പറയേണ്ടതില്ലെന്നായിരുന്നു തന്റെ താത്പര്യമെന്നായിരുന്നു വിനയന്റെ മറുപടി.

ആവശ്യത്തിന് കാശുമുടക്കി സിനിമ ചെയ്യുക. അല്ലാതെ കാശ് തിരിച്ചുപിടിക്കാന്‍ വേണ്ടിയിട്ട് ഒരു ബിസിനസ് ചെയ്യാന്‍ താത്പര്യമില്ല. ഇതൊക്കെ കാലം അല്ലെങ്കില്‍ വിധി നമുക്ക് തരുന്നതാണ്. അത് എന്തോ ആയിക്കോട്ടെ. ആ പടം അര്‍ഹിക്കുന്ന, ആ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഒരു കോംപ്രമൈസും ചെയ്തിട്ടില്ല, വിനയന്‍ പറഞ്ഞു.

മികച്ച അഭിപ്രായമാണ് പത്തൊമ്പതാം നൂറ്റാണ്ടിന് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ ഫൈറ്റും ഗ്രാഫിക്സും ഉള്‍പ്പെടെയുള്ള എല്ലാം വളരെ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒപ്പം സിജു വില്‍സണ്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സായും പത്തൊമ്പതാം നൂറ്റാണ്ട് വിലയിരുത്തപ്പെടുന്നുണ്ട്.

Content Highlight: Vinayan About Pathonpatham Noottand Movie Graphics and Kunjalimatrakkar Movie