പരീക്ഷണ ചിത്രങ്ങളിലൂടെ തന്റെതായ ഒരു സ്ഥാനം മലയാള സിനിമയിൽ നേടിയ സംവിധായകനാണ് വിനയൻ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞുനിൽക്കുമ്പോൾ കലാഭവൻ മണിയെ വെച്ച് സിനിമകളെടുത്ത് സൂപ്പർ ഹിറ്റാക്കിയ അദ്ദേഹം ഹൊറർ സിനിമകളിലൂടെ മലയാളത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഈയിടെ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വിജയമായി മാറിയ സിനിമയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസൺ പ്രധാന കഥാപാത്രമായ സിനിമയിൽ വലിയ താരനിര ഒന്നിച്ചിരുന്നു.
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നരേഷനിലാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഡബ്ബിങ്ങിനായി ഇവരെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി എന്തായിരുന്നു എന്ന് പറയുകയാണ് വിനയൻ. ഫോൺ ചെയ്തിട്ടാണ് അവരോട് കാര്യം പറഞ്ഞതെന്ന് വിനയൻ പറയുന്നു. മോഹന്‍ലാല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ കുറിച്ച് കേട്ടിട്ടില്ലായിരുന്നുവെന്നും അദ്ദേഹത്തിന് താൻ ചില വീഡിയോസ് അയച്ചു കൊടുത്തെന്നും വിനയൻ കൂട്ടിച്ചേർത്തു.
‘ മോഹന്‍ലാലിനും മമ്മൂട്ടിക്കും നേരത്തെ തന്നെ ഞാന്‍ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ടെന്ന് അറിയാമായിരുന്നു. മോഹന്‍ലാല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. എന്നോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ലിങ്കൊക്കെ അയച്ചുകൊടുത്തു. സിനിമ കുഴപ്പമില്ലാതെ വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഹീറോ സിജു വില്‍സണാണ് എന്ന് പറഞ്ഞു.
വരട്ടെ വരട്ടെ പുതിയ ആളുകള്‍ വരട്ടെ എന്നായിരുന്നു ലാലിന്റെ മറുപടി. മോഹന്‍ലാലിനെപ്പോലൊരാളുടെ ശബ്ദത്തില്‍ അദ്ദേഹത്തെ ഇന്‍ട്രോഡ്യൂസ് ചെയ്താല്‍ അത് ഭയങ്കര സന്തോഷമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വിനയന്‍ സാര്‍ എവിടാണ് ഉള്ളതെന്നായിരുന്നു ലാലിന്റെ ചോദ്യം. ഞാന്‍ മിക്‌സിങ് തിയേറ്ററിലാണെന്ന് പറഞ്ഞു. ‘എന്റെ മോണ്‍സ്റ്റര്‍ അവിടെ ഡബ്ബ് ചെയ്യുന്നുണ്ട്. ഞാന്‍ അവിടെ വരാം, നിങ്ങളും ആ സമയത്ത് വന്നാല്‍ മതി നമുക്ക് ചെയ്യാമെന്ന്’ പറഞ്ഞു. ഇതാണ് പറഞ്ഞത്.
അല്ലാതെ ഒരു ഹെസിറ്റേഷനോ ഞാന്‍ ചെയ്യണോ എന്നൊന്നും ചോദിച്ചില്ല. അങ്ങനെ അവിടെ മിക്‌സിങ് നടന്നോണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്കൊരു മെസ്സേജ് വന്നു. ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് അവിടെ എത്തുമെന്ന് പറഞ്ഞു. എല്ലാവരും വണ്ടര്‍ അടിച്ചുപോയി. ഗോപാലേട്ടനൊന്നും അറിഞ്ഞിട്ട് പോലുമില്ല. അത് നടക്കുമോ അദ്ദേഹം വരുമോ എന്ന് പുള്ളി ചോദിച്ചു.
അങ്ങനെ ലാല്‍ വന്നു. ഡബ്ബിങ് തിയേറ്ററില്‍ പോകുന്നതിന് മുന്‍പ് ഇവിടെ ഫൈറ്റ് മിക്‌സിങ് നടക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആണോ എന്നാല്‍ അതൊന്ന് കാണാമെന്ന് പറഞ്ഞ് കയറി ഫൈറ്റ് കണ്ടു. ഒരെണ്ണം കണ്ടു കഴിഞ്ഞപ്പോള്‍ ഇനിയുണ്ടോ എന്ന് ചോദിച്ചു.
അങ്ങനെ എല്ലാ ഫൈറ്റും കണ്ടു. അതിന് ശേഷം പാട്ടുകള്‍, ഇതെല്ലാം കണ്ട ശേഷം എന്നെ ഭയങ്കരമായി അഭിനന്ദിച്ച് ഡബ്ബിങ്ങും തീര്‍ത്ത് അദ്ദേഹം പോയി. എന്റെ ജീവിതത്തിലെ വലിയൊരു സ്‌നേഹത്തിന്റെ തുടക്കമായിട്ട് അതെനിക്ക് തോന്നി,’വിനയൻ പറയുന്നു.
Content Highlight: Vinayan About Mohanlal And Pathombatham Noottand Movie