| Wednesday, 14th September 2022, 4:11 pm

അണ്ടനേയും അടകോടനേയും വിളിച്ചുവരുത്തി അവര്‍ക്കൊപ്പം ഒരുമിച്ചിരിക്കാനോ; ആ സംവിധായകന്‍ എന്നോട് ചോദിച്ചതാണ് ഇത്: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒരു വിഭാഗം ആളുകളെ മാറ്റിനിര്‍ത്താനുള്ള ചിലരുടെ പ്രവണതയെ കുറിച്ചും അതിനെതിരെയുള്ള തന്റെ ഒറ്റയാള്‍ പോരാട്ടത്തെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് സംവിധായകന്‍ വിനയന്‍. എല്ലാവരേയും ഉള്‍പ്പെടുത്തി ഒരു തൊഴിലാളി സംഘടന ഉണ്ടാക്കാനുള്ള തന്റെ ശ്രമത്തെ പുച്ഛിച്ചു തള്ളിയവരെ കുറിച്ചും വിനയന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

കലാഭവന്‍ മണിയെ കൊണ്ടുവന്നപ്പോള്‍ അയിത്തമായിരുന്നു, സെന്തിലിനെ കൊണ്ടുവന്നപ്പോഴും അയിത്തമായിരുന്നു. ഇന്ന് ചരിത്രം പറയുന്ന, അയിത്തം നിലനില്‍ക്കുന്ന കാലഘട്ടത്തിലെ ഒരു സിനിമ ചെയ്യുമ്പോള്‍ അയിത്തത്തോടുള്ള സംവിധായകന്‍ വിനയന്റെ എതിര്‍പ്പായാണോ ഇതിനെ കാണേണ്ടത് എന്ന ചോദ്യത്തിനായിരുന്നു വിനയന്റെ മറുപടി.

‘നമ്മള്‍ എന്തിന് ഒരു കൂട്ടരെ അകറ്റി നിര്‍ത്തണം. ഇന്നയാള്‍ വേണ്ട എന്നുള്ള ചിന്ത ഞാന്‍ എന്റെ ജീവിതത്തില്‍ എവിടേയും കാണിച്ചിട്ടില്ല. ആദ്യമായിട്ട് മലയാള സിനിമയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു അസോസിയേഷന്‍, മാക്ട ഫെഡറേഷന്‍ ഞാന്‍ ഉണ്ടാക്കുന്ന സമയത്ത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്ന ഒരു ശബ്ദമുണ്ട്.

ഡയരക്ടര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെയായിട്ട് മാക്ട എന്ന് പറയുന്ന ഒരു ക്ലബ്ബ് അന്നുണ്ടായിരുന്നു. ഞാനൊരിക്കല്‍ വിക്രമിനെ വെച്ച് കാശി സിനിമ ചെയ്യുന്ന സമയത്ത് ഭാരതിരാജ സാര്‍ മദ്രാസില്‍ നടക്കുന്ന ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു.

കേന്ദ്രഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ സിനിമയിലെ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന ചടങ്ങാണെന്നും എന്നോട് വരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ഞാന്‍ പോയി. അവിടെ കണ്ടത് ഈ പറയുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വീട് വെക്കാന്‍ പൈസ എല്ലാം മന്ത്രി കൊടുക്കുന്നതാണ്.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവം ഇല്ലല്ലോ എന്ന് തോന്നി. ഇതിന് ട്രേഡ് യൂണിയന്‍ വേണമെന്നും ആ കാര്‍ഡ് വേണമെന്നും അതുണ്ടെങ്കിലേ ഇത്തരം ആനുകൂല്യം കൊടുക്കാന്‍ പറ്റുള്ളൂവെന്നും ഞാനറിഞ്ഞു.

സത്യത്തില്‍ മലയാള സിനിമയില്‍ ഒരു ട്രേഡ് യൂണിയന്‍ ഉണ്ടായിരുന്നില്ല. അവിടെയൊക്കെ ഇത് 25 വര്‍ഷം മുന്‍പേ ഉണ്ട്. കര്‍ണാടകത്തിലും ഹൈദരാബാദിലുമൊക്കെയുണ്ട്.

ഇതിന്റെയൊരു ഗുണമെന്ന് പറയുന്നത് ക്യാമറാമാന്‍, ക്യാമറാ അസിസ്റ്റന്റ് അതുപോലെ മേക്കപ്പ്മാന്‍ അവരുടെ അസിസ്റ്റന്റ്, ഭക്ഷണം തയ്യാറാക്കുന്നവര്‍ ഈയൊരു വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം കിട്ടുമെന്നാണ്. അതിന് വേണ്ടിയാണ് ഞാനും ശ്രമിച്ചത്. 2007 സമയത്തൊക്കെ ഞാന്‍ ഇതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഇവിടെ ഈ കാര്യം ഞാന്‍ അവതരിപ്പിച്ചപ്പോള്‍ ഞാന്‍ വളരെ ആദരിക്കുന്ന, എന്റെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കാണുന്ന സംവിധായകന്‍ എന്റെ അടുത്ത് പറഞ്ഞത് ‘വിനയാ നീ ആവശ്യമില്ലാത്ത പണിക്കൊന്നും പോകണ്ട. ഈ അണ്ടനേയും അടകോടനേയുമൊക്കെ ഒരുമിച്ച് വിളിച്ചിരുത്തി അസോസിയേഷനൊക്കെ ഉണ്ടാക്കിയാല്‍ തലവേദനയാകും’ എന്നാണ്.

അതും ഒരു അയിത്തമാണ്. അപ്പോള്‍ നമ്മുടെ മനസിലൊക്കെ ഈ ഒരു അയിത്തം ഉണ്ട്. ഒരു പരിധി വരെ കൂടെ ഇരിക്കാന്‍ വന്നിരിക്കുന്ന ആള്‍ വൃത്തിഹീനനാണ് എങ്കില്‍ ഇരുത്തേണ്ടെന്ന നിലപാടെടുക്കാം. പക്ഷേ അല്ലാത്ത ഒരാളുടെ അടുത്ത് മുട്ടി ഇരുന്നാല്‍ എന്താണ് കുഴപ്പം. അതിനകത്ത് എന്തിനാണ് വേര്‍തിരിവ് കാണിക്കുന്നത് എന്ന ചിന്ത എനിക്ക് അപ്പോഴുമുണ്ട്.

എന്തിന് ഏറെ പറയുന്നു. കലാഭവന്‍ മണിയുടെ കൂടെ ഒരു നായിക അഭിനയിക്കില്ല എന്ന് പറഞ്ഞു. മണിയുടെ കൂടെ അഭിനയിക്കാനാവില്ലെന്ന് എന്റെ പ്രിയങ്കരനായ ഒരു സുഹൃത്തും അന്ന് പറഞ്ഞു. അങ്ങനെ ഒത്തിരി അനുഭവങ്ങള്‍ എനിക്കുണ്ട്. അതുകൊണ്ട് കൂടിയായിരിക്കും അങ്ങനെയുള്ള കാര്യങ്ങള്‍ എഴുതുമ്പോള്‍ എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടും.

ഞാനൊരു കുട്ടനാട്ടിലെ ഇടത്തരം കര്‍ഷക നായര്‍ കുടുംബത്തിലെ ആളാണ്. ആ വര്‍ഷം വെള്ളപ്പൊക്കം വന്ന് മടവീണാല്‍ വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങളാണ്. നല്ല പോലെ വിളവുണ്ടെങ്കില്‍ എല്ലാവരും ഹാപ്പിയാണ്. അച്ഛന്‍ എല്ലാവര്‍ക്കും കാശൊക്കെ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ അച്ഛന്‍ നല്ല ടെന്‍ഷനിലാവും. മട വീണാല്‍ ദാരിദ്ര്യവും നല്ല കൊയ്ത്താണെങ്കില്‍ സന്തോഷവുമുള്ള ഒരു ഗ്രാമത്തില്‍ ജീവിച്ചു വന്ന ആളാണ് ഞാന്‍. ഇത്തരത്തില്‍ കഷ്ടപ്പെടുന്ന കര്‍ഷക തൊഴിലാളികളുടെ മക്കളെല്ലാം എന്റെ സുഹൃത്തുക്കളാണ്.

വെറും കട്ടന്‍ചായയും കപ്പലണ്ടിയും കഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കഷ്ടപ്പെടുന്നവര്‍. അവരില്‍ പലരും ഇന്ന് വലിയ ആള്‍ക്കാരാണ്. എങ്കിലും അവരൊക്കെ അനുഭവിച്ച കാര്യങ്ങള്‍ നേര്‍ക്കാഴ്ചയായി കണ്ട ബാല്യമാണ് എന്റേത്. അതുകൊണ്ടായിരിക്കാം ഇത്തരം കാര്യങ്ങള്‍ എന്നെ പൊള്ളിക്കുന്നത്.

പറയേണ്ടത് എവിടെ ആയാലും ഞാന്‍ പറയും. പറയാതിരിക്കാനാവില്ല. നമ്മള്‍ പറയുന്നത് നേരാണ് എന്ന് നമ്മുടെ മനസാക്ഷി പറഞ്ഞാല്‍ ആയിരം പേര്‍ എതിരെ നിന്ന് നിങ്ങള്‍ പറയുന്നത് തെറ്റാണെന്ന് പറഞ്ഞാലും നിങ്ങള്‍ ഒറ്റയ്ക്ക് നിന്ന് പറയണം നിങ്ങളാണ് തെറ്റ് ഞാനാണ് ശരിയെന്ന്, വിനയന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Vinayan about a director comment on backward casts artists and technicians

We use cookies to give you the best possible experience. Learn more