തിരുവനന്തപുരം: തൃശൂര്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ പങ്കന്‍തോട് കോളനിയിലെ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി.
വിനായകന് കസ്റ്റഡിയില്‍ പീഡനം ഏറ്റിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതു ശരിവയ്ക്കുന്ന രീതിയിലായിരുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നത്.
ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.
ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.