ലോകമറിയാമെന്ന് സ്വയം നടിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയുമായി ഒളിഞ്ഞു നോക്കുന്നു: വിനായകന്‍
Malayalam Cinema
ലോകമറിയാമെന്ന് സ്വയം നടിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയുമായി ഒളിഞ്ഞു നോക്കുന്നു: വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd May 2024, 8:53 am

മലയാളിയെ ലോകം കാണാന്‍ പഠിപ്പിച്ച ആളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. മലയാളി ട്രാവല്‍ വ്ളോഗുകളെയും വീഡിയോകളെയും കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു ക്യാമറയും തൂക്കി ലോകമാകെ സഞ്ചാരം ആരംഭിച്ചയാളാണ് അദ്ദേഹം.

താന്‍ കാണുന്ന കാഴ്ച്ചകള്‍ ക്യാമറയിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി വന്നിരിക്കുകയാണ് നടന്‍ വിനായകന്‍.

‘ഇദ്ദേഹത്തെ നമ്പരുത്’ എന്ന് പറഞ്ഞു കൊണ്ടാണ് വിനായകന്റെ എഫ്.ബി പോസ്റ്റ് ആരംഭിക്കുന്നത്. ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്നും സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിക്കുകയാണെന്നുമാണ് വിനായകന്‍ പറയുന്നത്.

ആ പണം കൊണ്ട് കുടുംബം പോറ്റുന്ന, ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയെ പോലെയുള്ള ആളുകളെ നമ്പരുതെന്നും താരം തന്റെ എഫ്.ബി പോസ്റ്റില്‍ കുറിച്ചു. പിന്നാലെ പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.

ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ എന്തുകൊണ്ടാണെന്ന് കൂടി പറയണമെന്നും സഞ്ചാരം, സഫാരി ഇതിലൊന്നും അദ്ദേഹം കേരളത്തെയോ ഇന്ത്യയോ താഴ്ത്തി കെട്ടുന്നതായി കണ്ടിട്ടില്ലെന്നുമാണ് കമന്റുകള്‍.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇദ്ദേഹത്തെ നമ്പരുത്
യുവതീ.. യുവാക്കളോട്..
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച്
ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന) ആളുകളെ നമ്പരുത്. യുവതീ യുവാക്കളേ, നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്പരുത്.

Content Highlight: Vinayakan With A Facebook Post Against Santhosh George Kulangara