| Monday, 20th February 2017, 8:07 am

താരമൂല്യമല്ല മികവിനാണ് ആദരമെന്ന് തെളിയിച്ച് സിനിമാ പാരഡൈസോ ക്ലബ്ബ് അവാര്‍ഡ്; എഴുന്നേറ്റ് നിന്ന് കയ്യടിച്ച സദസ്സിന് മുന്നില്‍ മികച്ച നടനായി വിനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മികവിനെ മറന്ന് താരമൂല്യത്തെ മാത്രം കണക്കിലെടുത്ത് സ്വകാര്യ ചാനലുകള്‍ അവാര്‍ഡ് ഷോ നടത്തുമ്പോള്‍ വ്യത്യസ്തരാവുകയാണ് സിനിമാ പാരഡൈസോ ക്ലബ്ബെന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ്. താരമൂല്യം നോക്കാതെ മികവിനെ മാത്രം കണക്കിലെടുത്തായിരുന്നു സി.പി.സി സിനിമ അവാര്‍ഡ് സമ്മാനിച്ചത്.

2016 ലെ മികച്ച അഭിനയം കാഴ്ച്ച വെച്ച താരമെന്ന് സിനിമ കണ്ടവരെല്ലാം അടിവരയിട്ട് പറഞ്ഞ വിനായകനായിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. കമ്മട്ടിപ്പാടത്തിലെ ഗംഗനായി ജീവിച്ച വിനായകന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ വികാരഭരിതനായതിന് പിന്നില്‍ ആരാധകരുടെ സ്‌നേഹം തിരിച്ചറിഞ്ഞതിലെ സന്തോഷമായിരുന്നു. സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്നാണ് വിനായകനെ വരവേറ്റത്.

അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ 1994 ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന നിമിഷത്തെയാണ് വിനായകന്‍ ഓര്‍ത്തെടുത്തത്. ഏറ്റവും സത്യസന്ധമായ പുരസ്‌കാരം എന്നായിരുന്നു വിനായകന് പുരസ്‌കാരം നല്‍കി കൊണ്ട് ജയസൂര്യ പറഞ്ഞത്. വിനായകന് അവാര്‍ഡ് നിരസിച്ച ചാനല്‍ അവാര്‍ഡ് നിശകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.


Also Read: നടിക്കെതിരായ ആക്രമണം; സ്വന്തം വീട്ടിന് അകത്തേക്ക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ദിലീപ്


മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരം സ്വന്തമാക്കി. ചിത്രത്തിന് ലഭിച്ച ഏറ്റവും മൂല്യമുള്ള പുരസ്‌കാരം എന്നാണ് അവാര്‍ഡിനെ സംവിധായകനായ ദിലീപ് പോത്തനും നിര്‍മ്മാതാവ് ആഷിക് അബുവും വിശേഷിപ്പിച്ചത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സായി പല്ലവിയും രജിഷാ വിജയനും പങ്കിടുകയായിരുന്നു. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനായ മണികണ്ഠനായിരുന്നു മികച്ച സഹനടന്‍.

പുരസ്‌കാരങ്ങളില്‍ മുന്നിട്ട് നിന്നത് മഹേഷിന്റെ പ്രതികാരമായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും തിരക്കഥാ കൃത്ത് ശ്യംപുഷ്‌കരനുമായിരുന്നു നേടിയത്. ഓഡിയന്‍സ് പോളിലൂടെയും ജൂറി വോട്ടിംഗിലൂടെയുമാണ് സി.പി.സി അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

We use cookies to give you the best possible experience. Learn more