ഇന്നത്തെ കുട്ടികള്‍ നാടുവിട്ട് പോകുന്നത് പഠിക്കാന്‍ വേണ്ടി മാത്രമല്ലെന്ന് പറയുകയാണ് നടന്‍ വിനായകന്‍. അവരൊക്കെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നാടുവിടുന്നതെന്നും പഠനം എവിടെയാണെങ്കിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ തെക്ക് വടക്കിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
‘ശരിക്കും അവര്‍ പഠിക്കാന്‍ വേണ്ടിയല്ല പോകുന്നത്. ഞാന്‍ മനസിലാക്കിയ കാര്യമാണ് പറയുന്നത്. പഠിക്കാനും വിദ്യാഭ്യാസത്തിനുമായി നാടുവിടേണ്ടതില്ല. അവരൊക്കെ സ്വാതന്ത്ര്യത്തിനായി നാടുവിടുന്നതാണ്. പഠനം അവിടെ ആണെങ്കിലും ഇവിടെ ആണെങ്കിലും നടക്കും. വിദ്യാഭ്യാസമൊക്കെ ഇവിടെയിരുന്നും ഉണ്ടാക്കാം. അവര്‍ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാണ് നാടുവിടുന്നത്.
നിങ്ങള്‍ക്ക് കൊച്ചിയില്‍ 12 മണിക്ക് തോപ്പുംപടി പാലത്തിന് അടുത്തുകൂടെ ഒറ്റക്ക് നടക്കാന്‍ പറ്റുമോ? (അവതാരകയോട്) ഒരിക്കലും പറ്റില്ല. എന്നിട്ടും ഇവര്‍ ‘ഞങ്ങള്‍ വലിയ സാമൂഹിക പ്രവര്‍ത്തകര്‍, ഞങ്ങള്‍ വലിയ രാഷ്ട്രീയ നേതാക്കള്‍, സംസ്‌കാരിക പ്രവര്‍ത്തകര്‍’ എന്നൊക്കെ പറയുന്നു. അതൊക്കെ വെറുതെയാണ്.
നിങ്ങളെ ഞാന്‍ വെല്ലുവിളിക്കാം. നിങ്ങള്‍ക്ക് 12 മണിക്ക് തോപ്പുംപടി പാലത്തിന് താഴെയിരുന്ന് ഷിപ്പ്‌യാര്‍ഡ് കാണാന്‍ പറ്റില്ല. അതിന് മുമ്പ് മാന്യന്മാരായ കഴുകന്മാര്‍ വരും. നിങ്ങളെ വെറുതെ തോണ്ടി കൊണ്ടിരിക്കും. അപ്പോള്‍ ആ സ്വാതന്ത്ര്യം അവര്‍ക്ക് മനസിലായി. ഇവിടെയിരുന്ന് പഠിച്ചിട്ട ഭര്‍ത്താക്കന്മാരെ നോക്കാനും അമ്മമാരെയും നോക്കിയിരിക്കേണ്ടി വരും.
ഇവിടെ നമ്മുക്ക് നമ്മുടെ കാര്യം നോക്കി പുറത്തേക്ക് പോകാം. അവര്‍ക്ക് അവിടെ 12 മണിക്ക് യൂറോപ്പിലോടെ സന്തോഷത്തോടെ നടക്കാം. അതുകൊണ്ട് അവര് പഠിക്കാന്‍ വേണ്ടിയല്ല പോകുന്നത്. ഓക്കേ, പഠിക്കാനാകാം. പക്ഷെ സ്വാതന്ത്ര്യത്തിനും കൂടെ വേണ്ടിയാണ് പോകുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍,’ വിനായകന്‍ പറഞ്ഞു.