സനാതന ധര്‍മത്തെ പറ്റിയുള്ള വിവാദം ഉയര്‍ന്നുവന്ന സമയത്ത് വിനായകന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. പെന്‍സിലാശാന്‍ എന്ന ഫേസ്ബുക്ക് പേജിലെ ‘കറുത്ത കൃഷ്ണനെ നീലയാക്കിയ സനാതനം’ എന്ന ഡിജിറ്റല്‍ ആര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ ഷെയര്‍ ചെയ്തിരുന്നത്.
തന്റെ പോസ്റ്റിനെ പറ്റി സംസാരിക്കുകയാണ് വിനായകന്‍. സനാതനത്തെ പറ്റി ടി.വിയില്‍ നീണ്ട ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും എന്നാല്‍ സനാതനം എന്താണെന്ന് മാത്രം ആരും പറയില്ലെന്നും വിനായകന്‍ പറഞ്ഞു. മാറ്റമില്ലാതെ നിലനില്‍ക്കുന്നു എന്ന് സനാതനത്തിന് വിശദീകരണം നല്‍കുന്നവര്‍ ആ മാറ്റമില്ലാത്തത് എന്തിനാണെന്ന് പറയണമെന്നും വിനായകന്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധര്‍മമെന്ന് പറഞ്ഞാല്‍ നമുക്ക് മനസിലാവും. സനാതനം എന്താണെന്ന് ആളുകള്‍ക്ക് അറിയില്ല. സനാതനം എന്താണെന്ന് പറയില്ല. ശാശ്വതമായ മാറ്റമില്ലാത്ത ഒന്ന് എന്നാണ് പറയുന്നത്. ഈ മാറ്റമില്ലാത്ത ഒന്ന് എന്താണ്? അത് ആദ്യം പറയണ്ടേ? എന്തൊക്കെ ഉള്‍ക്കൊണ്ടിട്ടാണ് സനാതനം നിലനില്‍ക്കുന്നത്?
ടി.വിയില്‍ ഇരുന്ന് ഭയങ്കര ചര്‍ച്ചയാണ്. പക്ഷേ സനാതനം എന്താണെന്ന് പറയുന്നില്ല. അതാണ് പറയേണ്ടത്. ഈ മാറ്റമില്ലാതെ നിലനില്‍ക്കുന്ന കാര്യമെന്താണ്? അത് മാത്രം പറഞ്ഞുതരില്ല. അവിടെയാണ് അതിന്റെ കളി. അറിയുന്ന ആളുകള്‍ ഇതിനെ പറ്റി സംസാരിക്കില്ല. അതൊരു അറിവാണ്, അത് കൊടുക്കരുത്. അവരുടേത് എന്ത് ദുഷ്ടമനസാണ് എന്ന് ആലോചിച്ച് നോക്കിക്കേ.
എന്താണ് സനാതനം? കുറച്ചുകൂടി സംസ്‌കൃതം അറിയുന്ന ആളോട് മലയാളത്തില്‍ അതിന്റെ അര്‍ത്ഥം ചോദിക്കണം. ഞാന്‍ അറിഞ്ഞുതന്നെയാണ് പോസ്റ്റ് ഇട്ടത്. ഏറ്റവും വലിയ ചാനല്‍ ചര്‍ച്ച ചെയ്യുകയാണ്. അവര്‍ക്ക് പോലും അറിയില്ല സനാതനം എന്താണെന്ന്. വിനായകനായിട്ടുള്ളവനെ വിനായകന്‍ എന്ന് പറഞ്ഞത് പോലിരിക്കും സനാതനം. കളി എന്താണെന്ന് ആലോചിച്ച് നോക്കിയാല്‍ മതി.
സനാതനത്തിനെതിരെ പറഞ്ഞ ഉദയനിധിയുടെ തല വെട്ടി കളയുമെന്നാണ് പറഞ്ഞത്. പുള്ളി ചീപ്പ് മതിയെന്ന് പറഞ്ഞു. അതിലും സ്ട്രോങ്ങായി ഞാന്‍ പറയേണ്ടതാണ്. പറഞ്ഞില്ലന്നേയുള്ളൂ,’ വിനായകന്‍ പറഞ്ഞു.
Content Highlight: Vinayakan talks about Sanatana Dharamam