2023ല്‍ പുറത്തിറങ്ങിയ ഹിറ്റ് രജിനികാന്ത് ചിത്രമായിരുന്നു ജയിലര്‍. സിനിമയില്‍ രമ്യ കൃഷ്ണന്‍, തമന്ന, വസന്ത് രവി, മിര്‍ണ മേനോന്‍, യോഗി ബാബു, സുനില്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഭാഗമായിരുന്നു. ഒപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ കാമിയോ റോളിലും എത്തിയിരുന്നു.
ജയിലറില്‍ വില്ലനായി എത്തിയത് നടന്‍ വിനായകനായിരുന്നു. വര്‍മന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ എത്തിയത്. ആ സിനിമയിലൂടെ വിനായകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ജയിലര്‍ സിനിമക്ക് ശേഷം ജീവിതത്തില്‍ വന്ന മാറ്റം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍.
‘എനിക്ക് മനസിലായത് ശരിക്കും ഗോവയില്‍ പോയപ്പോഴാണ്. ഞാന്‍ അവിടെ പോയി നില്‍ക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആദ്യം അഞ്ച് പേരൊക്കെ മാത്രമേ ‘ഹായ് ചേട്ടാ. ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന് പറയുകയുള്ളൂ. ഇത് ഇപ്പോള്‍ 50 പേര് വന്നിട്ട് ഫോട്ടോ എടുക്കാന്‍ തുടങ്ങി.
ദൈവം സഹായിച്ച് അത്രയും ഹിറ്റായി പോയി. പിന്നെ ആളുകളുടെ കൂടെ നിന്ന് ഞാന്‍ ഫോട്ടോയൊക്കെ എടുക്കും കേട്ടോ. എനിക്ക് ഫോട്ടോയൊക്കെ എടുക്കാന്‍ വളരെ ഇഷ്ടമാണ്. പിന്നെ പ്രസന്റ് ടൈമില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന കാര്യം കൂടെയുണ്ട്.
ചിലപ്പോള്‍ ഞാന്‍ ഷൂട്ടിങ്ങില്‍ നില്‍ക്കുകയാവും. ആ സമയത്ത് ഷൂട്ട് ചെയ്യുന്നതിലാണ് കാര്യം. എന്റെ ജോലി ഷൂട്ട് ചെയ്യലാണ്. ആ സമയത്ത് ഫോട്ടോയെന്നും സെല്‍ഫിയെന്നും പറയുമ്പോള്‍ പ്രശ്‌നമാണ്. ദേഷ്യം വരുമെന്നല്ല. ആ സമയത്ത് ഞാന്‍ വേണ്ടെന്ന് പറഞ്ഞു പോവും.
പിന്നെ ഫോട്ടോ എടുക്കുമ്പോള്‍ എന്റെ ഗെറ്റപ്പൊക്കെ പുറത്ത് പോവും. ‘അത് കുഴപ്പമില്ല, ഒരു സെല്‍ഫിയല്ലേ’ എന്നാണ് അവരൊക്കെ പറയുക. കഷണ്ടിയൊക്കെ ആയിട്ടുള്ള ഗെറ്റപ്പ് സെല്‍ഫിയിലൂടെ പുറത്ത് വിട്ടാല്‍ പിന്നെ സിനിമയുടെ പ്രൊമോഷന്‍ എങ്ങനെ ചെയ്യാന്‍ പറ്റും. അങ്ങനെയുള്ള സമയത്ത് ഫോട്ടോ എടുക്കേണ്ടെന്ന് പറയും,’ വിനായകന്‍ പറഞ്ഞു.
Content Highlight: Vinayakan Talks About His Experience After Jailer Movie