കൊച്ചി: താന്‍ അയ്യങ്കാളി ചിന്താഗതിക്കാരനാണെന്നും പുലയന്‍ ആണെന്നു കരുതി ഇത് വരെ മാറിനിന്നിട്ടില്ലെന്നും ഇനി മാറി നില്‍ക്കുകയില്ലെന്നും നടന്‍ വിനായകന്‍. ” ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈറ്റ് ചെയ്താണ് മുമ്പോട്ട് വന്നത്. റിയല്‍ ആവാനാണ് ഇഷ്ടം. തന്നെത്തന്നെ കോമഡിയാക്കി വില്‍ക്കാന്‍ എനിക്ക് കഴിയില്ല.” ഏഷ്യാനെറ്റിന്റെ പോയന്റ് ബ്ലാങ്ക് പരുപാടിയില്‍ സംസാരിക്കുകയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍.
എന്തുകൊണ്ടാണ് വിനായകന് അവാര്‍ഡ് നല്‍കണമെന്ന് യുവത ഇത്ര ശക്തമായി ആവശ്യപ്പെട്ടതെന്ന അവതാരകന്റെ ചോദ്യത്തിന്, തനിക്ക് അവാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെടുമ്പോഴല്ല യുവത എഴുന്നേല്‍ക്കുന്നത്, അത് ആ പെണ്‍കുട്ടിയെ ക്രൂരമായി കൊന്നു കളഞ്ഞപ്പോള്‍ മുതല്‍ ആരംഭിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇവിടെ നടന്നത് എന്നായിരുന്നു വിനായകന്റെ മറുപടി.
” എതിര്‍ക്കേണ്ടിയിടത്ത് എതിര്‍ക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് ജീവിക്കുക. ഞാന്‍ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നും രാവിലെ വീടിന്റെ മുന്നില്‍ ആളുകള്‍ വെളിക്കിരിക്കാന്‍ വരും. അവരോട് പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാന്‍ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് പറയരുത്.” വിനായകന്‍ പറയുന്നു.
ജാതി, മതം, കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളെ മുഴുവന്‍ താന്‍ മറികടന്നിട്ടുണ്ടെന്നും തന്നെ അതുപയോഗിച്ച് എതിര്‍ക്കുമ്പോഴൊക്കെ അത് തുടച്ചു കളഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ടെന്നും വിനായകന്‍ പറയുന്നു.
താനൊരു അയ്യങ്കാളി ചിന്താഗതിയുള്ളവനാണെന്നു പറഞ്ഞ വിനായകന്‍ പറ്റുമെങ്കില്‍ ഒരു ഫെറാറി കാറില്‍ തന്നെ വരുമെന്നും സ്വര്‍ണ്ണ കിരീടം വെക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യുമെന്നും പറയുന്നു.
താന്‍ ഒരു പുലയന്‍ ആയതുകൊണ്ട് ആ ചവിട്ടിന്റെ താളം നൃത്തത്തിലും സംഗീതത്തിലും ഉണ്ടാവും. ചെളിപൂണ്ട ഇടത്ത് ഓണത്തിന് 10 നാള്‍ ഞാനും എന്റെ അമ്മയും ഓണം കളിച്ചിട്ടുണ്ടെന്നായിരുന്നു തന്റെ സംഗീതത്തെ കുറിച്ച് ചോദിച്ച അവതാരകന് വിനായകന്‍ നല്‍കിയ മറുപടി.
അവാര്‍ഡ് വാര്‍ത്ത പുറത്തു വന്ന സമയത്ത് തന്നോട് അമ്മയെ കെട്ടിപ്പിടിക്കാനും ചില ആംഗ്യങ്ങള്‍ കാണിക്കാനും ആവശ്യപ്പെട്ട മാധ്യമങ്ങളെയും വിനായകന്‍ വിമര്‍ശിച്ചു. ഹൈപ്പ് ക്രിയേറ്റു ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നായിരുന്നു വിനായകന്റെ വിമര്‍ശനം. “ഞാന്‍ പേജ് ത്രീയല്ല. കോമഡി കാണിച്ച് എന്നെ തന്നെ വില്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ ജീവിച്ചത് കോമഡിയായല്ല.” വിനായകന്‍ പറയുന്നു.