| Monday, 7th February 2022, 7:40 pm

ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ 2017 ലെ മഞ്ജുവിന്റെ പ്രസ്താവന പങ്കുവെച്ച് വിനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്ക് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍.

2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താരസംഘടനയായ അമ്മ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍, സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന മഞ്ജു വാര്യരുടെ പ്രസ്താവന സംബന്ധിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചത്.

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അവ്യക്തമായ പ്രതികരണങ്ങള്‍ വിനായകന്‍ ഫേസ്ബുക്കിലൂടെ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ അര മണിക്കൂറിനിടയില്‍ ഡബ്ല്യു.സി.സിയും നടിയെ ആക്രമിച്ച കേസുമായും ബന്ധപ്പെട്ട വാര്‍ത്തകളുടെ ആറ് സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് പിന്നീട് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അതിനുള്ള തെളിവുകള്‍ നിലവിലില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. കോടതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും വിധിപ്രസ്താവത്തില്‍ പ്രതികരിച്ചു.

പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവര്‍ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.

ആവശ്യപ്പെട്ട ഫോണുകള്‍ പ്രതി തന്നെ ഹാജരാക്കിയിട്ടുണ്ട്. ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യ ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് അറിയിച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.


Content Highlight: vinayakan shares the screen short of manju warrier news

We use cookies to give you the best possible experience. Learn more