ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള സനാതനധര്‍മ്മത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ സംഭവത്തോട് പ്രതികരിച്ച് നടന്‍ വിനായകന്‍.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനായകന്‍ ഇതിനെ കുറിച്ചുള്ള ഒരു കമന്റ് പങ്കുവെച്ചത്.
വിനായകന്റെ സ്ഥിരം ശൈലിയില്‍ ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കമന്റ് ആണ് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കറുത്ത കൃഷ്ണനെ നീലയാക്കിയ ഊമ്പിയ സനാതനം’ എന്ന കമന്റും ഒപ്പം പെന്‍സിലാശാന്‍ എന്ന ആര്‍ട്ടിസ്റ്റ് ഇത് സംബന്ധിച്ച് വരച്ച ഡിജിറ്റല്‍ ആര്‍ട്ടുമാണ് കമന്റില്‍ ഉള്ളത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്തായാലും വിനായകന്റെ പുതിയ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
തമിഴ്‌നാട് കായികമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മം ഇല്ലാതാക്കണം എന്നായിരുന്നു പറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധി സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. ജാതി വിവേചനത്തിന് ഇരയായി ജീവനൊടുക്കിയ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും ഈ വേദിയിലുണ്ടായിരുന്നു.
‘ചില കാര്യങ്ങള്‍ കേവലമായി എതിര്‍ക്കുകയല്ല വേണ്ടത്, മറിച്ച് അവ ഇല്ലാതാക്കണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയൊന്നും എതിര്‍ക്കേണ്ടതല്ല, ഇല്ലാതാക്കേണ്ടതാണ്. സനാതനവും അതുപോലെയാണ്.’ എന്നാണ് ഉദയ് നിധി പറഞ്ഞത്.
സനാതനം എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നതെന്നും സംസ്‌കൃതം തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സനാതനം ശാശ്വതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥമെന്നും ഉദയനിധി പറഞ്ഞിരുന്നു.
ഉദയനിധി സ്റ്റാലിന്റേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന് ശിക്ഷ ലഭിക്കാതെ വിടില്ല എന്ന് ആര്‍.എസ്.എസ് അനുകൂല അഭിഭാഷക കൂട്ടായ്മ പ്രതികരിച്ചു.
ഇന്ത്യയിലെ 80% വരുന്ന ജനങ്ങളെ വംശഹത്യ ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സില്‍ പ്രതികരിച്ചു.