| Saturday, 22nd January 2022, 6:53 pm

അര മണിക്കൂറിനുള്ളില്‍ ഡബ്ല്യൂ.സി.സിയുമായി ബന്ധപ്പെട്ട നാല് പോസ്റ്റ്, എന്താണ് ഉദ്ദേശിച്ചതെന്ന് വിനായകനോട് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലൂ.സി.സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവെച്ച് വിനായകന്‍. വിവിധ മാധ്യമങ്ങളില്‍ പല സമയങ്ങളിലായി വന്ന വാര്‍ത്തകളാണ് വിനായകന്‍ ക്യാപ്ഷനുകളൊന്നും ഇല്ലാതെ പങ്കുവെച്ചിരിക്കുന്നത്.

2018ലെ അമ്മയുടെ വാര്‍ത്താസമ്മേളനത്തെ പറ്റിയുള്ള മീഡിയ വണ്ണിന്റെ വാര്‍ത്തയായിരുന്നു വിനായകന്‍ ആദ്യം പങ്കുവെച്ചത്. അര്‍ച്ചനാ പത്മിനിയേയും രേവതിയേയുണ് ഈ വാര്‍ത്തയില്‍ കാണുന്നത്.

അഞ്ച് മിനിട്ടിനുള്ളല്‍ തന്നെ ഡബ്ലൂ.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ ഫോട്ടോയും പോസ്റ്റ് ചെയ്തു.

13 മിനിട്ടിന് ശേഷം ‘സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ്മനിര്‍മാണം വേണമെന്ന് അഭിപ്രായം ഗൗരവതരം,’ എന്ന് സ്‌ക്രോള്‍ വരുന്ന കൈരളിയിലെ വാര്‍ത്തയാണ് പങ്കുവെച്ചിരിക്കുന്നത്.

ആറ് മിനിട്ടിന് ശേഷം ദിലീപിന്റേയും കാവ്യ മാധവന്റേയും വിവാഹവുമായി ബന്ധപ്പെട്ട് 2018 ല്‍ ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്ത പങ്കുവെച്ചത്. ദിലീപിന്റേയും കാവ്യയുടെയും വിവാഹത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി നടത്തിയ പ്രതികരണമായിരുന്നു ഈ വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്തകളെ പറ്റി ഒരു ക്യാപ്ഷനും വിനായകന്‍ പങ്കുവെച്ചിട്ടില്ല. സജീവ ചര്‍ച്ചയിലുള്ള സംഭവങ്ങളെ പറ്റി ഒന്നും പറയാതെ വിനായകന്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് കമന്റിലൂടെ പലരും ചോദിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍
ദിലീപും മറ്റ് പ്രതികളും അടുത്ത രണ്ട് ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

ഇതോടെ അടുത്ത രണ്ട് ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.

അതേസമയം കോടതി ഉത്തരവിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതികള്‍ ചോദ്യം ചെയ്യലിന് ശേഷം ഒത്തുകൂടാനും പിറ്റേ ദിവസത്തേക്കുള്ള മൊഴികള്‍ പ്‌ളാന്‍ ചെയ്യാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടിരുന്നു എന്ന് ദിലീപിന്റെ സുഹൃത്ത് കൂടിയായിരുന്ന ബാലചന്ദ്ര കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ, ദിലീപ് ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന്‍ വാക്കാല്‍ മാത്രം പറഞ്ഞാല്‍ പോരാ മറിച്ച് അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്ന് ജാമ്യഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു.
ഒരാളെ കൊല്ലുമെന്ന് പ്രസ്താവന നടത്തിയാല്‍ അതെങ്ങനെ ഗൂഢാലോചനയുടെ പരിധിയില്‍ വരും എന്നായിരുന്നു കോടതി ചോദിച്ചത്.

അതേസമയം ഗൂഢാലോചന കേസില്‍ നിര്‍ണായകമായ തെളിവുകളുണ്ടെന്നും വാക്കാലുള്ള പ്രസ്താവന മാത്രമല്ല, അധിക തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുറന്ന കോടതിയില്‍ വെച്ച് അത് പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vinayakan shares 4 screen short of new regarding wcc within half an hour

We use cookies to give you the best possible experience. Learn more