ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍. താന്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് പത്രക്കാരെ ആണെന്നുമാണ് വിനായകന്‍ പറയുന്നത്.
പത്രക്കാര്‍ക്ക് നാണം ആകില്ലേയെന്നും ചെയ്യുന്ന ജോലിയോട് അവര്‍ മര്യാദ കാണിക്കണമെന്നും വിനായകന്‍ പറയുന്നു.
‘ഞാന്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നും പറഞ്ഞിട്ടില്ല, പറഞ്ഞത് പത്രക്കാരെയാണ്. പത്രക്കാര്‍ക്ക് നാണം ആകില്ലേ ചെയ്യുന്ന ജോലിയോട് മര്യാദ കാണിക്കണം, ഇത് അഭിനയമല്ലല്ലോ എന്തൊക്കെയാണ് അവര്‍ കാണിക്കുന്നത്,’ വിനായകന്‍ പറയുന്നു.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി,’ എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.
അതേസമയം ജയിലറില്‍ തനിക്ക് കിട്ടിയ പ്രതിഫലം 35 ലക്ഷം രൂപയല്ലയെന്നും അതിന്റെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചുവെന്നും വിനായകന്‍ പറയുന്നുണ്ട്. സാര്‍ക്ക് ലൈവ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം വിനായകന്‍ പ്രധാന വേഷത്തില്‍ എത്തിയ ആസിഫ് അലി ചിത്രം കാസര്‍ഗോള്‍ഡ് സെപ്റ്റംബര്‍ 15നാണ് തിയേറ്ററില്‍ റിലീസ് ആയത്. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്.