മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് വിനായകന്‍. മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിനായകന്‍ സ്വന്തമാക്കി.
താനൊരു സ്ത്രീ വിരുദ്ധന്‍ അല്ല എന്ന് പറയുകയാണ് വിനായകന്‍. തന്റെ കൂടെ അടുത്തിഴപഴകിയിട്ടുള്ള സ്ത്രീകളാരും തന്നെ താനൊരു സ്ത്രീ വിരുദ്ധന്‍ ആണെന്ന് പറയില്ലെന്നും കൂടെ അഭിനയിച്ച നടികളെല്ലാവരും ഇനിയും തന്റെ കൂടെ അടുത്ത സിനിമ ചെയ്യണമെന്ന് പറയാറുണ്ടെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
‘ഒരിക്കലും ഞാനൊരു സ്ത്രീ വിരുദ്ധനല്ല. അതിപ്പോള്‍ ഞാന്‍ ആയിട്ട് സംസാരിച്ചിട്ടുള്ള സ്ത്രീകളായാലും എന്നെ കൂടെ നടന്നിട്ടുള്ള സ്ത്രീകളായാലും എന്റെ കൂടെ ഡാന്‍സ് ചെയ്തിട്ടുള്ള സ്ത്രീകളായാലും അത് പറയില്ല. എന്തിനേറെ പറയുന്നു എന്റെ കൂടെ അഭിനയിച്ച സ്ത്രീകള്‍ വരെ ചേട്ടാ ചേട്ടന്റെ അടുത്ത പടത്തില്‍ അഭിനയിക്കണമെന്ന് വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട് എന്ന് പറയാറുണ്ട്. ഒരിക്കലും ഞാനൊരു സ്ത്രീവിരുദ്ധനല്ല,’ വിനായകന്‍ പറയുന്നു.
വിനായകന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘തെക്ക് വടക്ക്’. വിനായകന്‍ എഞ്ചിനീയര്‍ മാധവനായി എത്തുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടും മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
അരി മില്ലുടമയായ ശങ്കുണ്ണിയായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നത്. ഇരുകഥാപാത്രങ്ങളും തമ്മിലുള്ള മുപ്പത് വര്‍ഷത്തെ വൈരാഗ്യത്തെ കുറിച്ചാണ് ‘തെക്ക് വടക്ക്’ എന്ന സിനിമ പറയുന്നത്. ചിത്രം ഇന്നലെ(ഒക്ടോബര്‍ നാല്) തിയേറ്ററുകളില്‍ എത്തിയിരുന്നു.
Content Highlight: Vinayakan Says He Is Not Anti-feminist