സിനിമയില്‍ കൊമേഡിയന്‍, മിമിക്രിക്കാരന്‍, ഡാന്‍സര്‍, അഭിനയിക്കുന്ന ആള്‍ തുടങ്ങിയ കാറ്റഗറികള്‍ ഇല്ലെന്ന് പറയുകയാണ് നടന്‍ വിനായകന്‍. തിലകനെയും ഒടുവില്‍ ഉണ്ണികൃഷ്ണനെയും പോലെയുള്ള ആളുകള്‍ ഇല്ലെങ്കില്‍ സിനിമയില്‍ സ്റ്റാറുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.
ഇഷ്ടപ്പെട്ട കൊമേഡിയന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിനായകന്‍. കൊമേഡിയന്‍ എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്നും കൊമേഡിയനെന്നും മിമിക്രിക്കാരെന്നും പറയുന്നതിന് പകരം ആക്ടേഴ്സ് എന്നോ അഭിനയിക്കുന്ന ആളുകളെന്നോ വേണം പറയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
‘കൊമേഡിയന്‍ എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല. അത് കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ നിങ്ങളെ ചീത്ത പറയും. കോമേഡിയന്‍ എന്നതിന്റെ അര്‍ത്ഥമെന്താണ്? എനിക്കത് മനസിലാകുന്നില്ല. ആക്ടേഴ്സല്ലേ എല്ലാവരും. അപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്സ് ആരാണെന്ന് ചോദിക്കാം.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മാമുക്കോയ സാര്‍. പിന്നെയും ആളുകളുണ്ട്. ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, തിലകന്‍ സാര്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവരെയൊക്കെ എനിക്ക് ഇഷ്ടമാണ്.
ഇവരൊന്നും കൊമേഡിയന്‍സല്ല കേട്ടോ. കൊമേഡിയന്‍ എന്നും മിമിക്രിക്കാരെന്നും പറയരുത്. അങ്ങനെ ഉപയോഗിക്കാനേ പാടില്ല. ആക്ടേഴ്സ് അല്ലെങ്കില്‍ അഭിനയിക്കുന്ന ആളുകള്‍ എന്നാണ് പറയേണ്ടത്. ചില ആളുകള്‍ അഭിനയിച്ച് നമ്മളെ കരയിപ്പിച്ചു കളയും, ചിലര് അഭിനയിച്ച് നമ്മളെ ചിരിപ്പിച്ചു കളയും. പക്ഷെ അള്‍ട്ടിമേറ്റ്‌ലി എല്ലാവരും ആക്ടേഴാണ്.
കോമഡിയന്‍ എന്നൊരു ലൈനും മിമിക്രിക്കാരന്‍ എന്ന ലൈനും ഡാന്‍സ് ചെയ്യുന്ന ആളെന്ന ലൈനും അഭിനയിക്കാന്‍ മാത്രം വലിയ ആള്‍ക്കാരും. അതാരാണ്, അങ്ങനെയൊന്നും ഇല്ല. തിലകന്‍ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറുമാരും ഒന്നും ഇല്ലെങ്കില്‍ സ്റ്റാര്‍സ് പോലുമില്ല. അതാണ് സത്യം,’ വിനായകന്‍ പറഞ്ഞു.
Content Highlight: Vinayakan Says All Are Actors In Cinema