എന്റെ ജാതിയാണ് ഇവരുടെ പ്രശ്‌നം; എന്ത് ചെയ്താലും എന്റെ ജാതി ഞാന്‍ ഉച്ചത്തില്‍ വിളിച്ച് പറയും: വിനായകന്‍
ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ കുറിച്ചുള്ള പ്രസ്താവനക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടന്‍ വിനായകന്‍.
ഇതെല്ലാം പലരും പണ്ടുമുതലേ ചെയ്യുന്നതാണെന്നും അവരുടെയൊക്കെ പ്രശ്‌നം തന്റെ ജാതിയും നിറവുമാണെന്നും വിനായകന്‍ പറയുന്നു.
‘സൈബര്‍ ആക്രമണങ്ങള്‍ ഒക്കെ കുറെ വര്‍ഷങ്ങളായി പലരും ചെയ്യുന്നതാണ്. അത് അവര്‍ പറഞ്ഞുകൊണ്ടെയിരിക്കും. ഇനിയും പറയും. അവര്‍ക്കെല്ലാം പ്രശ്‌നം എന്റെ ജാതിയാണ്. എനിക്ക് കാശ് കൂടുതല്‍ കിട്ടുന്നതാണ് അവരുടെ പ്രശ്‌നം. എന്റെ ജാതിയും മതവും കളറും ഒക്കെ അവര്‍ക്ക് പ്രശ്നമാണ്,’ വിനായകന്‍ പറയുന്നു.
ഇവരെല്ലാം എന്ത് ചെയ്താലും താന്‍ പുറകിലേക്ക് പോകില്ലായെന്നും തന്റെ ജാതിയെ കുറിച്ച് ഉച്ചത്തില്‍ വിളിച്ച് പറയുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘ഇവരൊക്കെ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല അത് ഞാന്‍ ഉറപ്പിച്ച കാര്യമാണ് ഞാന്‍ ഈ ജാതിക്കാരനാണെന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ച് പറയും,’ വിനായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
സനാതന ധര്‍മത്തെ കുറിച്ച് പലര്‍ക്കും അറിയല്ലെന്നും ഇത് മാധ്യമങ്ങള്‍ പറഞ്ഞു കൊടുക്കണമെന്നും വിനായകന്‍ പറയുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് പത്രക്കാരെ ആണെന്നുമാണ് വിനായകന്‍ പറയുന്നത്. പത്രക്കാര്‍ക്ക് നാണം ആകില്ലേയെന്നും ചെയ്യുന്ന ജോലിയോട് അവര്‍ മര്യാദ കാണിക്കണമെന്നും വിനായകന്‍ പറയുന്നുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രമായ കാസര്‍ഗോള്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായി സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സെപ്റ്റംബര്‍ 15നാണ് തിയേറ്ററില്‍ റിലീസ് ആയത്. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്.
Content Highlight: Vinayakan says against the cyber attack happening against him