| Wednesday, 16th August 2023, 8:00 pm

ഈശ്വരിയുടെ സൈഡ് കിക്കില്‍ നിന്നും വര്‍മനിലേക്ക്; തമിഴകത്തെ വിനായകന്‍

അമൃത ടി. സുരേഷ്

ജയിലര്‍ റിലീസോടുകൂടി ചര്‍ച്ചാവിഷമായിരിക്കുകയാണ് വിനായകന്‍. രജിനികാന്തിനോട് എതിര്‍ത്ത് നില്‍ക്കുന്ന വില്ലന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വിനായകന്‍ എന്ന തരത്തിലാണ് താരത്തെ കൊണ്ടാടുന്നത്. അതാത് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും രജിനികാന്തിനും ശിവ രാജ് കുമാറിനുമൊപ്പമോ അതിന് മുകളിലോ വിനായകനെ കൊണ്ടാടുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം ഇന്ന് കാണുന്ന നിലയിലേക്ക് അയാള്‍ കയറി വന്ന വഴികളായിരുന്നു.

1995ല്‍ മാന്ത്രികത്തിലെ മൈക്കിള്‍ ജാക്‌സണെന്ന ഡാന്‍സറായി സിനിമ മേഖലയില്‍ എത്തിയതാണ് വിനായകന്‍. പിന്നീടങ്ങോട്ട് നായകന്റെയും വില്ലന്റേയും ശിങ്കിടിയും കൂട്ടുകാരനും സഹോദരനുമായി വിനായകന്‍ വളര്‍ന്നു. ഈശ്വരിയുടെ സൈഡ് കിക്കായി തമിഴകത്ത് തുടങ്ങിയ വിനായകന്‍ ഇന്ന് ഒരു മേശക്കപ്പുറമിരിക്കുന്ന രജിനിക്ക് മുന്നില്‍ കണ്ണോട് കാണ്‍പതെല്ലാം തലൈവാ എന്ന് പാടി ചുവട് വെക്കുന്ന വര്‍മനായിരിക്കുകയാണ്.

തിമിരില്‍ ശ്രിയ റെഡ്ഡിക്കൊപ്പം വിനായകന്‍

തമിഴില്‍ ഏഴ് ചിത്രങ്ങളാണ് വിനായകന്‍ ഇതുവരെ ചെയ്തിട്ടുള്ളത്. തരുണ്‍ ഗോപി സംവിധാനം ചെയ്ത തിമിരിലൂടെ 2006ലാണ് വിനായകന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം. വില്ലത്തിയായ ഈശ്വരിയുടെ സൈഡ് കിക്ക് എന്നാണ് ചിത്രത്തില്‍ വിനായകനുണ്ടായിരുന്ന വിശേഷണം. വിശാല്‍ നായകനായ ചിത്രം തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ചിമ്പു എന്ന സിലമ്പരശന്റെ സിലമ്പാട്ടം എന്ന ചിത്രത്തിലാണ് വിനായകന്‍ പിന്നീട് തമിഴില്‍ അഭിനയിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ചിമ്പു അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് എത്തിയത്. അച്ഛനായ തമിഴരസിന്റെ കൂട്ടുകാരാനായാണ് വിനായകന്‍ അഭിനയിച്ചത്.

സിലമ്പാട്ടം

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2008ല്‍ തന്നെ പുറത്തിറങ്ങിയ എല്ലാം അവന്‍ സെയല്‍ എന്ന ചിത്രത്തില്‍ കോടതിയില്‍ സാക്ഷി പറയാനെത്തുന്ന ഭിക്ഷക്കാരനായിരുന്നു വിനായകന്‍. ആര്‍.കെയാണ് ചിത്രത്തില്‍ നായകനായത്.

2008ല്‍ തന്നെ ചിമ്പുവിന്റെ കാലൈയിലും വിനായകന്‍ അഭിനയിച്ചു. 2011ല്‍ പുറത്തുവന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം സിരുത്തൈയില്‍ വില്ലനായ ബാവൂജിയുടെ ഗുണ്ടയായിട്ടാണ് വിനായകന്‍ എത്തിയത്. കാര്‍ത്തി ഡബിള്‍ റോളിലെത്തിയ ചിത്രത്തില്‍ തമന്ന ആയിരുന്നു നായിക.

മരിയാന്‍

ശിങ്കിടി, ഗുണ്ട റോളുകളിലൊതുങ്ങി നിന്ന വിനായകന്‍ ശക്തനായ ഒരു വില്ലനായി തമിഴില്‍ പ്രത്യേക്ഷപ്പെടുന്നത് ധനുഷിന്റെ മരിയാനിലൂടെയാണ്. ഈ സമയം മലയാളത്തിലുണ്ടായ വളര്‍ച്ചയും ധനുഷിന്റെ വില്ലന്‍ റോളിലേക്കുള്ള വിനായകന്റെ വഴി തുറന്നു.

മരിയാന് ശേഷം നീണ്ട പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിനായകന്‍ വീണ്ടും തമിഴിലേക്ക് എത്തുന്നത്. അതും സൂപ്പര്‍ സ്റ്റാറിന്റെ വില്ലന്‍ റോളില്‍. മുന്‍ തമിഴ് ചിത്രങ്ങളിലേത് പോലെ ചുമ്മാ നായകന്റെ അടി കൊണ്ട് പോവാനല്ല ഇത്തവണ വിനായകന്‍ എത്തിയത്. മുത്തുവേല്‍ പാണ്ഡ്യന്റെ സാമ്രാജ്യത്തിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വില്ലനാണ് വര്‍മന്‍. ഇത് നായകനും വില്ലനും കൊണ്ടും കൊടുത്തുമുള്ള കളി തന്നെയാണ്.

മലയാളത്തിലും സമാനമായ യാത്ര തന്നെയാണ് വിനായകന്റെ കരിയറിന് പറയാനുള്ളത്. അയാള്‍ തുടങ്ങിയിട്ടേയുള്ളൂ, ഇനിയും എത്രയേറെ കാണാനിരിക്കുന്നു.

Content Highlight: Vinayakan’s growth in tamil cinema

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more