തൃശ്ശൂര്‍: മുടി നീട്ടിവളര്‍ത്തിയതിന് കള്ളനെന്നാരോപിച്ച് പോലീസ് മര്‍ദ്ധനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകനുവേണ്ടി മുടി നീട്ടിവളര്‍ത്തിയ “വിനായകന്‍മാര്‍” ഒത്തുകൂടുന്നു. ഊരാളിയിലെ മാര്‍ട്ടിന്റെ ഫെസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് യുവാക്കള്‍ ഒത്തുകൂടുന്നത്.
മുടി നീട്ടിവളര്‍ത്തിയതിന്റെ പേരില്‍ നിരവധി ചെറുപ്പക്കാര്‍ പോലീസിന്റെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. തന്റെ പേര് വിനായകന്‍ എന്നോ വിനായകനെ പോലെ 19 വയസുകാരനോ അല്ല. എന്നാല്‍ വിനായകനെ പോലെ സൗഹൃദങ്ങളും ഇരുണ്ട നിറമുള്ളവനുമാണ്. വിനായകനെപ്പോലെ മുടി വളര്‍ത്തിയതിന്റെ പേരില്‍ പോലീസിനാല്‍ ആക്രമിക്കപ്പെട്ടവനാണ്.ആളുകളുടെ മുന്നില്‍ അപമാനിതനായവനാണ്. മാര്‍ട്ടിന്‍ പറയുന്നു.
Read it പന്നിക്ക് പൂണൂല്‍ ധരിപ്പിച്ച് തമിഴ്‌നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരെ പ്രതിഷേധം
കാരണമേതുമില്ലാതെ കേരളത്തിലെ പോലീസിന്റെ പീഡനത്തെ ഏറ്റുവാങ്ങിയ “വിനായകന്‍”മാരോട് സ്വാന്ത്യത്തോടും സൗന്ദര്യബോധത്തോടും സമാധാനത്തോടെയും ജീവിക്കാനും അവകാശം നേടിയെടുക്കാനും ഒന്നിച്ചിരിക്കാന്‍ വേണ്ടി ഈ ശനിയാഴ്ച ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് മാര്‍ട്ടിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
എന്റെ പേര് വിനായകന്‍ എന്നല്ല.എനിക്ക് 19 വയസ്സല്ല.ഞാന്‍ പോലീസിനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടുവനല്ല.
പക്ഷെ,ഞാന്‍ വിനായകനെപ്പോലെ എന്റെ ഇഷ്ടത്തിനനുസരിച്ചു മുടി വളര്‍ത്തുന്നവനാണ്,വേഷം ധരിക്കുന്നവനാണ്.വിനായകനെപ്പോലെ സൗഹൃദങ്ങള്‍ ഉള്ളവനാണ്,അത് പങ്കുവെക്കുന്നവനാണ്.വിനായകനെപ്പോലെ ഇരുണ്ട തൊലിനിറമുള്ളവനാണ്.
വിനായകനെപ്പോലെ മുടി വളര്‍ത്തിയതിന്റെ പേരില്‍ പോലീസിനാല്‍ ആക്രമിക്കപ്പെട്ടവനാണ്.ആളുകളുടെ മുന്നില്‍ അപമാനിതനായവനാണ്.
പക്ഷെ വിനായകനെപ്പോലെ ശരീരവും മനസും തകര്‍ന്നു ആത്മഹത്യ ചെയ്തവനല്ല.
എന്റെ പേര് വിനായകനെന്നല്ല എന്നാല്‍ വിനായകനുമാണ് ഞാന്‍.
കാരണമേതുമില്ലാതെ കേരളത്തിലെ പോലീസിന്റെ പീഡനത്തെ ഏറ്റുവാങ്ങിയ ആയിരക്കണക്കിന് ചെറുപ്പക്കാരില്‍ ഒരുവന്‍.
ജീവിച്ചിരിക്കുന്ന വിനായകന്മാരേ,നമുക്ക് ഒന്നിക്കേണ്ട സമയമായിരിക്കുന്നു.
സമാധാനത്തില്‍ ജീവിക്കാനുള്ള അവകാശത്തിനായി…
കലാപരമായി,സൗന്ദര്യ ബോധത്തോടെ, സ്വാതന്ത്യത്തില്‍ ജീവിക്കാനായി…
തൃശ്ശൂരില്‍ നമുക്കൊന്ന് കൂടിയാലോ?
29/7 ശനിയാഴ്ച വൈകീട്ട് 3 മണിക്ക്…
പാടാനും, പറയാനും,
മുടിയുടെ കൂടെ വളര്‍ത്തുന്നത് കൊലാബോധമല്ല കലയാണെന്നുള്ളത് പങ്കുവെക്കാനും.
Yes Freak, i am a creative freak…
please share your freak pics in comments #freaksunite