വിനായകന്റെ മരണം; പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഓണനാളില്‍ ദളിത് സംഘടനകളുടെ ഉപവാസം
Daily News
വിനായകന്റെ മരണം; പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഓണനാളില്‍ ദളിത് സംഘടനകളുടെ ഉപവാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2017, 12:01 am

 

തൃശൂര്‍: പോലീസ് മര്‍ദ്ദനത്തിനിരയായതിനെ തുടര്‍ന്ന് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാരയവര്‍ക്കെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച്. ഓണ നാളില്‍ ദളിത് സംഘടനകള്‍ ഉപവസ സമരത്തിന് തയ്യാറാവുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

വിനായകന്‍ ജീവനൊടുക്കി ഒന്നര മാസം പിന്നിട്ടിട്ടും വിനായകനെ മര്‍ദ്ദിച്ച പാവറട്ടി പോലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയാണ് ചെയ്തതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല.

ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.


Also read കേന്ദ്ര മന്ത്രി സഭയിലേക്ക് അല്‍ഫോണ്‍സ് കണ്ണന്താനം; മോദി സര്‍ക്കാരിലേക്ക് ഒമ്പത് പുതുമുഖങ്ങള്‍ കൂടി


ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ സുഹൃത്തുക്കള്‍ പറയുന്നത്. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ഇത്രയും ദിവസമായിട്ടും കേസെടുത്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് ദളിത് സംഘടനകളുടെ പ്രതിഷേധം.