Advertisement
Kerala News
കുടുംബം വിറ്റാണെങ്കിലും പോരാടണം, ഈ അധമ കുലജാതന്‍ പിന്നില്‍ തന്നെയുണ്ട്; സുരേഷ് ഗോപിയെ പരിഹസിച്ച് വിനായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 03, 02:34 pm
Monday, 3rd February 2025, 8:04 pm

കൊച്ചി: ട്രൈബല്‍ വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതന്‍ വരണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നടന്‍ വിനായകന്‍.

സുരേഷ് ഗോപിയുടെ ആഗ്രഹം നിറവേറ്റാന്‍ ഈ അധമ കുലജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകുമെന്ന് പറഞ്ഞാണ് വിനായകന്‍ കേന്ദ്ര സഹമന്ത്രിമന്ത്രിയെ പരിഹസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും. ജയ് ഹിന്ദ്,’ എന്നാണ് വിനായകന്‍ കുറിച്ചത്.

കുടുംബത്തോടൊപ്പമുള്ള സുരേഷ് ഗോപിയുടെ ചിത്രവും അടുത്തിടെ വിവാദമായ നടന്‍ ഫ്‌ളാറ്റില്‍ നിന്ന് നഗ്‌നതാപ്രദര്‍ശനം നടത്തിയ ചിത്രവും പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുണ്ട്.

ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

2016ല്‍ താന്‍ എം.പിയായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം പറയാറുണ്ടായിരുന്നെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് തനിക്ക് വേണ്ടെന്നും തന്നെ ട്രൈബല്‍ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞിരുന്നു.

ദല്‍ഹിയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എന്നാല്‍ സംഭവം വിവാദമായതോടെ സുരേഷ് ഗോപി പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തിരുന്നു. പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ മന്ത്രിയും ലോക്‌സഭാ എം.പിയുമായ കെ. രാധാകൃഷ്ണന്‍, ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Vinayakan mocks Suresh Gopi’s remark that upper caste should be in charge of tribal department