| Sunday, 27th March 2022, 7:18 pm

വിനായകനെ 'കുളിക്കാത്തവനാ'ക്കുന്നത് കേരളത്തിന്റെ ജാതീയതയാണ്

അനുപമ മോഹന്‍

വിനായകന്‍ പ്രസ് മീറ്റില്‍ പറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകളെ എതിര്‍ത്തുകൊണ്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. മീ ടൂ, കണ്‍സെന്റ് എന്നിവയുടെ രാഷ്ട്രീയത്തെ കുറിച്ചും വിനായകന്റെ സംസാരത്തിലുണ്ടായ അപാകതകളെക്കുറിച്ചും സ്വാഗതാര്‍ഹമായ ചര്‍ച്ചകള്‍ നടക്കുന്നതിനോടൊപ്പം തന്നെ സമൂഹത്തില്‍ പ്രത്യക്ഷമായി നിലനില്‍ക്കുന്ന ദളിത് വിരുദ്ധതയും അധികാര ഭാഷാപ്രയോഗങ്ങളും ചിലരില്‍ തികട്ടി വന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വിനായകനെതിരെ വന്ന പല പോസ്റ്റുകളിലും സംവിധായകന്‍ രഞ്ജിത്തിന്റെ മറുപടിയിലും ഈ കാര്യങ്ങള്‍ കൃത്യമായി കാണാന്‍ സാധിക്കും.

അന്നത്തെ പ്രസ് മീറ്റില്‍ വിനായകന്‍ പറഞ്ഞത് കടുത്ത സ്ത്രീ വിരുദ്ധത തന്നെയാണ്. അദ്ദേഹത്തിനെതിരെ മീ ടൂ വെളിപ്പെടുത്തിയിരുന്ന സ്ത്രീക്കൊപ്പം തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടതും. എന്നാല്‍ ഒരു വ്യക്തി സ്ത്രീവിരുദ്ധത പറയുമ്പോള്‍ അതിനെ എതിര്‍ക്കാനായി അതേ നാണയത്തില്‍ തന്നെ പാര്‍ശ്വവല്‍കൃത സമൂഹത്തെ അപമാനിച്ചുകൊണ്ട് മറുപടി കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.

അതായത് ”അയാള്‍ സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നു അതുകൊണ്ട് നമുക്ക് അയാളുടെ ജാതിയെ താഴ്ത്തികെട്ടി സംസാരിക്കാം” എന്ന് തീരുമാനിക്കുന്നത് ശരിയായ പ്രവണതയല്ല.

വിനായകനെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ അയാളുടെ നിറവും രൂപവും ജാതിയും ഭാഷയുമെല്ലാം ആക്രമിക്കപെടുന്നുണ്ട്. ഫേസ്ബുക്കില്‍ അയാളോട് കുളിക്കാനും പല്ലു തേക്കാനും ഉപദേശങ്ങള്‍ കൊടുക്കാന്‍ മുതല്‍ അയാളുടെ പല്ലടിച്ച് തെറിപ്പിക്കുമെന്നു ഭീഷണിപ്പെടുത്താന്‍ വരെ ആളുകളുണ്ടായിരുന്നു. ആ മനുഷ്യന്‍ ദളിത് ആയതും തൊലിനിറം കറുത്തതും തന്നെയാണ് പലരെക്കൊണ്ടും ഈ വൃത്തികെട്ട വര്‍ത്തമാനങ്ങള്‍ പറയിപ്പിക്കുന്നത്.

ജെന്‍ഡര്‍ പ്രിവിലേജ് പോലെത്തന്നെ അപകടം പിടിച്ച ഒന്നാണ് കാസ്റ്റ് പ്രിവിലേജും. ദളിതായ മനുഷ്യരുടെ രൂപവും മെയിന്‍ സ്ട്രീമിലുള്ള അവരുടെ പ്രതിനിധാനവും നിങ്ങളെ അലോസരപെടുത്തുന്നെണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് ജാതിയെന്ന വിഷം വലിയ തോതില്‍ നിങ്ങളുടെ ഉള്ളിലും ഉണ്ടെന്ന് തന്നെയാണ്.

തുറന്ന സംവാദങ്ങള്‍ക്കും വിഷയത്തിലൂന്നിക്കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും തയ്യാറാകാതെ, ദളിതരെന്നാല്‍ കുളിക്കാത്തവരും പല്ലു തേക്കാത്തവരുമാണെന്ന മുന്‍വിധി നിറഞ്ഞ അധിക്ഷേപങ്ങളാണ് വിനായകനെതിരെയുള്ള പോസ്റ്റുകളിലും കമന്റുകളിലും തുടര്‍ച്ചയായി കാണുന്നത്. ചില നിറങ്ങളെ, ചില ഭാഷാ പ്രയോഗങ്ങളെ പെല കളര്‍ എന്നും പെല വാര്‍ത്തമാനമെന്നും കളിയാക്കുന്നതിന്റെ ആവര്‍ത്തനമാണിതും. ഇവിടെയാണ് ദളിത് പൊളിറ്റിക്‌സ് പറയേണ്ടിവരുന്നത്.

ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് കാരണം അവരുടെ ജാതീയാണെന്ന് വിളംബരം ചെയ്യുന്നതും ഒരാളുടെ പ്രവൃത്തിയുടെ പേരില്‍ ആ മുഴുവന്‍ സമൂഹത്തെയും അപമാനിച്ച് സംസാരിക്കുന്നതും ജാതീയതയാണ്. വിനായകന്റെ ജാതിയെ അപമാനിച്ച ശേഷം ഞങ്ങള്‍ അയാളുടെ ജാതിയെ ഉദ്ദേശിച്ചിട്ടുകൂടിയില്ലെന്ന് കൈ കഴുകുന്നത് അംഗീകരിക്കാന്‍ അത്ര എളുപ്പമല്ല.

ഇനി, തനിക്കെതിരെ വിനായകന്‍ ഇട്ട പോസ്റ്റിനു മറുപടിയായി സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതിലും ചില പ്രശ്‌നങ്ങളുണ്ട്. കാലഘട്ടത്തിനാവശ്യമായാണ് രഞ്ജിത്ത് സിനിമകള്‍ എടുത്തതെന്നും, അതുകൊണ്ടായിരിക്കണം അയാളുടെ ഡയലോഗുകളില്‍ സ്ത്രീവിരുദ്ധതയും ഫ്യൂഡല്‍ മാടമ്പിത്തരവും കടന്നുവന്നതെന്നും ആശ്വസിക്കുന്നവരുടെ തെറ്റുധാരണയെ പൊളിച്ചുകൊണ്ടാണ് രഞ്ജിത്ത് മുന്നോട്ടെത്തിയത്. അയാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഭാഷയില്‍ പോലും കൃത്യമായ അധികാര ബോധവും സുപ്പീരിയോറിറ്റി കോംപ്ലക്‌സും കാണാന്‍ പറ്റും.

”ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറേ അധികം ശ്രമിക്കേണ്ടി വരും. അതിന് ഈ ജന്മവും മതിയാകില്ല,’ എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

ഇവന്‍ എന്നൊക്കെ പരസ്യമായി ഒരു പ്രസ്താവനയില്‍ ബഹുമാനമില്ലാതെ ഉപയോഗിക്കാന്‍ അയാള്‍ തയ്യാറായത് ഒരു പക്ഷെ അപ്പുറത്തുള്ളത് വിനായകന്‍ ആയതുകൊണ്ടാവും. സിനിമാ മേഖലയിലുള്ള, ഉയര്‍ന്ന താരമൂല്യമുള്ള ഒരാളായിരുന്നു രഞ്ജിത്തിനെ വിമര്‍ശിച്ചിരുന്നതെങ്കില്‍, ഇതേ രീതിയില്‍ അവന്‍, ഇവന്‍ എന്നൊക്കെ തന്നെ രഞ്ജിത്ത് വിളിക്കുമോയെന്നത് സംശയമാണ്.

വിനായകനേക്കാള്‍ എന്തുകൊണ്ടും ഉയര്‍ന്ന സ്ഥാനത്താണ് സ്വയം അവകാശപ്പെടുന്ന രഞ്ജിത്ത്, തന്നെയൊന്ന് തൊടണമെങ്കില്‍ വിനായകന്‍ ഇനിയൊരു ജന്മം ജനിക്കേണ്ടി വരുമെന്ന് കൂടി പറയുന്നതിനെ സൂപ്പീരിയോരിറ്റി കോംപ്ലക്‌സിന്റെ പ്രതിഫലനമായേ കാണാനാകൂ.

വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ തന്റെ സിനിമകളിലെ നായകന്മാരുടെ അതേ ഭാഷയില്‍ തന്നെയാണ് രഞ്ജിത്തിന്റെ ഇന്നത്തെ സംസാരവും. സ്ത്രീ വിരുദ്ധതയും മാടമ്പിത്തരവും കൂടിക്കലര്‍ന്ന അയാളുടെ നായകന്മാരില്‍ നിന്നും ഏറെ ദൂരമൊന്നും രഞ്ജിത്ത് ഇനിയും സഞ്ചരിച്ചിട്ടില്ല.

Content Highlight: The casteist elements in slurs against actor Vinayakan and the problems in Director Renjith’s reply to it

അനുപമ മോഹന്‍