നെൽസൺ ദിലിപ്കുമാറിന്റെ സംവിധാനത്തിൽ രജിനികാന്ത് നായകനായി എത്തിയ ജയിലർ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. നെൽസൺ ദിലിപ്കുമാറിന്റെ വമ്പൻ തിരിച്ചുവരവായി തന്നെയാണ് ജയിലറിനെ പ്രേക്ഷകർ കാണുന്നത്.
ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് വിനായകൻ ആയിരുന്നു. അദ്ദേഹത്തിന്റെ ടെറർ വില്ലനിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. മികച്ച പ്രകടനമാണ് വിനായകൻ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.
മമ്മൂട്ടിയിലേക്ക് എത്തേണ്ട റോളിലേക്കാണ് വിനായകൻ എത്തിയത്. വിനായകന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായ കഥാപാത്രമാകും ജയിലറിലേതെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
അടുത്ത കാലങ്ങളിൽ തമിഴ് സിനിമ കണ്ട മികച്ച വില്ലൻ കഥാപാത്രമാണ് വിനായകന്റെ ജയിലറിലേതെന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പറയുന്നു.
അതേസമയം മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ തന്നെ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനവും ആദ്യ ഷോ കണ്ടവർ മികച്ചതെന്ന് തന്നെയാണ് രേഖപെടുത്തിയിരുന്നത്.
അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതം സിനിമക്ക് പുത്തൻ അനുഭവം തിയേറ്ററിൽ നൽകുന്നുവെന്നും അഭിപ്രായമുണ്ട്.
ഫൈറ്റ് രംഗങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റായി മറ്റ് ചിലർ എടുത്ത് പറയുന്നത്. ബീസ്റ്റിന് ശേഷമുള്ള ചിത്രമെന്ന നിലയിൽ ജയിലറിന് ലഭിക്കുന്ന അഭിപ്രായങ്ങൾ സിനിമാപ്രേമികൾ ഉറ്റുനോക്കിയിരുന്നതാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ കൃഷ്ണൻ, വിനായകൻ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ.
Content Highlight: Vinayakan gets appreciation for performance in jailer Movie