തൃശൂര്‍: എങ്ങണ്ടിയൂരില്‍ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ്.
വിനായകന്‍ മരിച്ചത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ലെന്നും ഒരു പക്ഷേ പിതാവ് മര്‍ദ്ദിച്ചത് കൊണ്ടായിരിക്കാമെന്നുമാണ് പാവറട്ടി പോലീസ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വിനായകനെ എസ്. ഐ മര്‍ദ്ദിക്കുന്നതേ കണ്ടിട്ടില്ലെന്നാണ് വിനായകന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരുടേയും മൊഴി.
പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വീട്ടില്‍ വെച്ച് പിതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാകാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നാണ് ഇവര്‍ നല്‍കിയിട്ടുള്ള മൊഴി.
അതേസമയം സ്റ്റേഷനിലെത്തിയ തന്നോട് വിനായകനെ മര്‍ദിക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ താന്‍ ഒന്നും ചെയ്തില്ലെന്നും ഇപ്പോള്‍ പോലീസുകാര്‍ കുറ്റം തന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ നോക്കുകയാണെന്നും വിനായകന്റെ അച്ഛന്‍ പ്രതികരിച്ചു.
കേസില്‍ കഴിഞ്ഞ ദിവസമാണ് എസ്ഐ യുടേയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് പോലീസുകാരുടെയും മൊഴിയെടുത്തത്. ജൂലൈ 17 നായിരുന്നു വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. 18 ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം വിനായകന് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വിനായകന്റെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തന്നെ പോലീസുകാര്‍ മര്‍ദ്ദിച്ചിരുന്നെന്ന് മരിക്കുന്നതിന് മുമ്പ് വിനായകന്‍ പറഞ്ഞിരുന്നതായി മാതാപിതാക്കളും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.