തിരുവനന്തപുരം: യുവതിയോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. താന്‍ ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ലെന്നും ഫോണില്‍ തന്നെ വിളിച്ചവരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയതെന്നുമാണ് കീ ബോര്‍ഡ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്.
പരിപാടിക്ക് ക്ഷണിക്കാനായി തന്നെ ആദ്യം വിളിച്ചത് ഒരു പുരുഷനാണെന്നും വരാന്‍ പറ്റില്ലെന്ന് അയാളോട് പറഞ്ഞെന്നും വിനായകന്‍ പറയുന്നു.
എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടല്ല പരിപാടിക്ക് വരില്ല എന്ന് വിളിച്ചയാളോട് പറഞ്ഞത്. മൂന്ന് കാര്യങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതില്‍ ഒന്ന് എന്നെ വച്ച് ഡോക്യുമെന്ററി ചെയ്യുന്നതും മറ്റൊന്ന് മാധ്യമങ്ങള്‍ക്ക് കാശുണ്ടാക്കാനുള്ള പരിപാടികള്‍ക്കുമാണ്, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികള്‍ക്ക് മുഖമായി വിനായകന്‍ നിന്ന് കൊടുക്കില്ല എന്നതുമാണ്- വിനായകന്‍ പറയുന്നു.
”മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരിക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടില്‍ അവന്‍ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാള്‍ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാല്‍ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടര്‍ന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവര്‍ എന്നെ വിളിച്ചത് പരിപാടിയ്ക്ക് ക്ഷണിക്കാനല്ല. ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനാണ് അവര്‍ വിളിച്ചത്.
ബാക്കി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കേസ് നടക്കുകയല്ലേ. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാന്‍ 25 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ സെറ്റില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളൊന്ന് അന്വേഷിച്ച് നോക്ക്. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്‌നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്”.- അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു.
ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുണ്ടോയെന്നും എന്താണ് താങ്കളുടെ രാഷ്ട്രീയമെന്നുമുള്ള ചോദ്യത്തിന് താന്‍ ദളിതനല്ല പുലയനാണ് എന്നായിരുന്നു വിനായകന്റെ മറുപടി.
”ഞാന്‍ ദലിതനല്ല. ഞാന്‍ പുലയനാണ്. കാളിവിശ്വാസിയായ പുലയനാണ്. ഞാന്‍ ഇങ്ങനെ പറഞ്ഞുവെന്ന് നിങ്ങള്‍ക്ക് എഴുതാന്‍ ധൈര്യമുണ്ടോ? ഞാന്‍ ദലിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. ഞാന്‍ അത് കൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫേസ്ബുക്കില്‍ ആ ചിത്രമിട്ടത്. പുലയനായ എനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് അത് നേരിട്ടു. അപ്പോ ‘ഇവര്’ എന്നെ പെടുത്താനാണ് നോക്കിയത്. ബട്ട് ഐ ഡോണ്ട് കെയര്‍”- വിനായകന്‍ പറഞ്ഞു. .