കോഴിക്കോട്: വയനാട് ചുരത്തിലൂടെ റോഡ് വെട്ടാനായി ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെന്ന ആദിവാസി യുവാവിന്റെ ജീവിതം സിനിമയാകുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മലയാളിയായ ലീലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരിന്തണ്ടനായി വിനായകനാണ് വേഷമിടുന്നത്.
രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ്വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
Also Readസിനിമകളില്‍ നമ്മള്‍ കണ്ടതല്ല ആദിവാസി ജീവിതം; ആദിവാസി സംവിധായിക ലീല സംസാരിക്കുന്നു
വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത “നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി” എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് സംവിധാന രംഗത്ത് ശ്രദ്ധേയയാവുന്നത്.
കെ.ജെ ബേബിയുടെ കനവിലൂടെയാണ് ലീല സന്തോഷ് സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. ഇന്നും നമ്മുടെ മുഖ്യധാര സിനിമകളൊന്നും കാണാതെ പോകുന്ന, കണ്ടില്ലെന്ന് നടിക്കുന്ന ആദിവാസി ജീവിതത്തെ സിനിമയില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ലീല സിനിമ രംഗത്തേക്ക് എത്തുന്നത്. ആദിവാസി മേഖലയില്‍ നിന്നുമുള്ള ആദ്യത്തെ സംവിധായികയായി ലീല മാറുമ്പോള്‍ അതിനൊരു തുടര്‍ച്ചയുണ്ടാകുമെന്നുറപ്പാണ്.
സമാന്തര സിനിമകള്‍ക്കും അപ്പുറത്ത് കച്ചവട സിനിമയിലും തന്റെ കയ്യൊപ്പ് അടയാളപ്പെടുത്തണം എന്ന തന്റെ ആഗ്രഹത്തിന് പിന്നാലെ സഞ്ചരിക്കുകയാണ് ലീലയിന്ന്.