| Saturday, 26th March 2022, 12:21 pm

മാപ്പ് ചോദിച്ച് വിനായകന്‍; മാധ്യമ പ്രവര്‍ത്തകയായ സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരുത്തീ സിനിമയുടെ പ്രസ് മീറ്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ വിനായകന്‍. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായി വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍
ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല, വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,’ വിനായകന്‍ ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

CONTENT HIGHLIGHTS: Vinayakan apologizes; Sorry to bother my sister who is a journalist

We use cookies to give you the best possible experience. Learn more