Entertainment
ജയിലറിന് ശേഷം വിനായകന്റെ 'തെക്ക് വടക്ക്'; മുഖം തിരിച്ച് സുരാജ് വെഞ്ഞാറമൂടും; താരങ്ങളുടെ ഗെറ്റപ്പ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 15, 11:45 am
Wednesday, 15th May 2024, 5:15 pm

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ സിനിമയിലെ ഇരുവരുടേയും ഗെറ്റപ്പ് വ്യത്യസ്തമായി പുറത്തു വിട്ടു. ക്യാരക്ടര്‍ റിവീലിങ് ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

കഷണ്ടി കയറിയ തലയും പിരിച്ചു വെച്ച കൊമ്പന്‍ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമൂടും പരസ്പരം മുഖം തിരിക്കുന്നതാണ് വീഡിയോ. മധ്യവയസ്‌കരായ കഥാപാത്രങ്ങളാണ് ഇരുവരുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒപ്പം സിനിമയുടെ തമാശ സ്വഭാവവും ടീസറിലുണ്ട്.

അന്‍ജന ഫിലിപ്പും വി.എ. ശ്രീകുമാറും അന്‍ജന തിയേറ്റേഴ്‌സിന്റെയും വാര്‍സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചിത്രീകരിക്കുന്ന ‘തെക്ക് വടക്ക്’ സിനിമ പാലക്കാട് ചിത്രീകരണം പൂര്‍ത്തിയാക്കി. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ ആസ്പദമാക്കിയാണ്.

എസ്. ഹരീഷാണ് രചന. ജയിലറിന് ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് ജോയിന്‍ ചെയ്യും.

ഇരുപ്രതിഭകളുടേയും പ്രകടനം തമാശയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആര്‍.ഡി.എക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി.എസ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡി.ഒ.പി.

രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി.

ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വാസുദേവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360- തുടങ്ങിയവരാണ് അണിയറയില്‍.

‘ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനായി. തെക്ക് വടക്ക് സിനിമിയിലെ ഗാനങ്ങള്‍ ഉടന്‍ ആസ്വാദകരിലെത്തും,’ നിര്‍മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു.

‘വിനായകന്റെയും സുരാജിന്റെയും ഗംഭീരമായ പ്രകടനമാണ് ചിത്രീകരണത്തില്‍ ദൃശ്യമായത്. നൂറോളം വരുന്ന കലാകാരന്മാര്‍ വിവിധ വേഷങ്ങളില്‍ സിനിമയിലുണ്ട്. ഓണത്തോട് അനുബന്ധിച്ച് സിനിമ ലോകമെമ്പാടും തിയേറ്ററുകളിലെത്തും,’ നിര്‍മാതാവ് വി.എ. ശ്രീകുമാര്‍ പറഞ്ഞു.

Content Highlight: Vinayakan And Suraj Venjaramoodu’s Movie Thekk Vadakk Movie Character Revealing Teaser