|

ഇതൊക്കയുണ്ടാക്കാന്‍ കാശ് പി.സി. ജോര്‍ജിന്റെ കുടുംബത്ത് നിന്നാണോ; ഷോണ്‍ ജോര്‍ജിനെതിരെ വിനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പി.സി. ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കിയ ഈരാറ്റുപേട്ട സി.ഐ ഓഫീസും മുന്‍ എം.എല്‍.എ ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയും പി.സി ജോര്‍ജ് തന്നെ ഉണ്ടാക്കിയതാണെന്ന ഷോണ്‍ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെയാണ് വിനായകന്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ പ്രതികരണം.

‘ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി.സി. ജോര്‍ജിന്റെ കുടുംബത്ത് നിന്നാണോ? ഇസ്‌ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ…?,’ വിനായകന്‍ പ്രതികരിച്ചു.

പൂഞ്ഞാറില്‍ ഇന്ന് കാണുന്നതെല്ലാം പി.സി. ജോര്‍ജ് ഉണ്ടാക്കിയതാണെന്നും ജോര്‍ജിനെതിരെ പരാതി നല്‍കിയ മുന്‍സിപ്പാലിറ്റി അടക്കം അതില്‍ ഉള്‍പ്പെടുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

ലീഗിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പി.സി. ജോര്‍ജ് ഇതെല്ലം ചെയ്തതെന്നും ഷോണ്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഷോണിന്റെ പരാമര്‍ശം. ഇതിനെ തുടര്‍ന്നാണ് വിനായകന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെ റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് നടന്റെ വിമര്‍ശനം. 14 ദിവസത്തേക്കാണ് പി.സി. ജോര്‍ജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി.സി. ജോര്‍ജ് ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്.

പിന്നാലെ ജോര്‍ജ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും വൈകീട്ട് 6 മണി വരെ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ അപാകത കണ്ടെത്തിയ കോടതി, കസ്റ്റഡി അപേക്ഷയിലെ പിഴവുകള്‍ തിരുത്തി നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തിരുത്തി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷം ജോര്‍ജിനെ പാലാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യും. പി.സി. ജോര്‍ജിനെ കസ്റ്റഡയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.

പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം തേടിയ ജോര്‍ജ്, ഇന്ന് (തിങ്കള്‍) പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

Content Highlight: vinayakan against pc george and shone george