കൊച്ചി: തനിക്കെതിരെ കേസെടുത്തോയെന്ന് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും വിനായകന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.
വിനായകനെതിരെ യുവതി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-മ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് സൈബര്‍ തെളിവുകള്‍ എടുത്തു കഴിയുന്ന പക്ഷം അറസ്റ്റുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിനായകനെതിരെ ജാതീയാധിക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ദളിത് ആക്ടിവിസ്റ്റ് അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. അതേസമയം വിനായകന്‍ ജാതീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതിനെ അപലപിക്കുന്നെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.